“സന്തോഷ് ട്രോഫിക്ക് നാളെ മലപ്പുറത്ത് തുടക്കമാവും ,ലക്ഷ്യം പഴയ പ്രതാപം തിരിച്ചു പിടിക്കുക “|Santosh Trophy

സന്തോഷ് ട്രോഫിക്കായുള്ള ഹീറോ 75-ാമത് ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നാളെ മലപ്പുറത്ത് ആരംഭിക്കും.പശ്ചിമ ബംഗാൾ പഞ്ചാബിനെ മലപ്പുറത്ത് കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ നേരിടുന്നതോടെ ചാമ്പ്യൻഷിപ്പിന് തുടക്കമാവും.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിമാനകരമായ ടൂർണമെന്റ് തിരിച്ചെത്തുന്നത്, അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന മൊത്തം 10 ടീമുകൾ പങ്കെടുക്കും.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ ഏപ്രിൽ 28, ഏപ്രിൽ 29 തീയതികളിൽ നടക്കുന്ന സെമി ഫൈനലിലേക്ക് കടക്കും.ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും മലപ്പുറത്തെ രണ്ട് വേദികളിലായാണ് നടക്കുന്നത് – മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം. സന്തോഷ് ട്രോഫിക്കുള്ള ഹീറോ 75-ാമത് ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മെയ് രണ്ടിന് മഞ്ചേരി പയ്യനാട്ടിൽ നടക്കും.

രാജ്യത്തെ പ്രധാന ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റെന്ന നിലയിൽ സന്തോഷ് ട്രോഫിക്ക് അതിന്റെ തിളക്കം നഷ്ടപ്പെട്ടിട്ട് കുറച്ച് വർഷങ്ങളായി.മുൻനിര ക്ലബ്ബുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന പുതുപുത്തൻ പ്രതിഭകൾക്കായുള്ള ഒരു യുവജന പരിപാടിയോ പ്രദർശനമോ ആയി ഇത് മാറിയിരിക്കുന്നു. എന്നാൽ നാളെ മലപ്പുറത്ത് ആരംഭിക്കുന്ന 75-ാമത് പതിപ്പ് സന്തോഷ് ട്രോഫി സമീപകാലത്തെ ഏറ്റവും വിജയകരമായ ഒന്നായിരിക്കും. അതിനു കാരണം ഈ ഭാഗത്തുള്ള ആരാധകരാണ്.

ഇന്ത്യയിലെ ഏറ്റവും ഭ്രാന്തൻ ഫുട്ബോൾ ആരാധകരെ മലപ്പുറം ജില്ലയിൽ നിങ്ങൾ കാണും.നാല് വർഷം മുമ്പ് കഴിഞ്ഞ ലോകകപ്പ് കാലത്ത് മലപ്പുറം ജില്ലയിൽ ബ്രസീൽ, അർജന്റീന, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ ജഴ്‌സി നിറത്തിൽ ചായം പൂശിയ വീടുകൾ കാണാൻ സാധിച്ചിരുന്നു.അതിനാൽ ടൂർണമെന്റിന്, പ്രത്യേകിച്ച് കേരളത്തിന്റെ മത്സരങ്ങൾക്ക് നല്ല കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന പ്രോത്സാഹജനകമാണെന്ന് മലപ്പുറം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി.എം. സുധീർ കുമാർ അറിയിക്കുകയും ചെയ്തു.

മിക്ക ഓൺലൈൻ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നു. ശനിയാഴ്ച രാത്രി രാജസ്ഥാനുമായുള്ള കേരളത്തിന്റെ ആദ്യ മത്സരത്തിൽ ആയിരക്കണക്കിന് ആരാധകർ മലപ്പുറം സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ അണിനിരക്കും എന്നാണ് എല്ലാവരും കണക്കു കൂട്ടുന്നത്.2018 ൽ ആണ് കേരളം അവസാനമായി സന്തോഷം ട്രോഫി നേടിയത്. വീണ്ടും ഇന്ത്യയിലെ ഫുട്ബോൾ പ്രാന്തമാരുടെ മണ്ണിൽ വീണ്ടും കിരീടം ഉയർത്താനുള്ള ശ്രമത്തിലാണ് ടീം കേരള.