“സന്തോഷ് ട്രോഫി: പഞ്ചാബിനെതിരെ ജയം, കേരളം സെമിയിൽ”| Santhosh Trophy
അത്യന്ത്യം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ പഞ്ചാബിനെ കീഴടക്കി കേരളം 75 മത് സന്തോഷ് ട്രോഫിയുടെ സെമിയിൽ സ്ഥാനം പിടിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം.ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് വിജയം നേടിക്കൊടുത്തത്.
സെമി ലക്ഷ്യമിട്ട് പഞ്ചാബിനെതിരെ ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. തുടക്കത്തിൽ തന്നെ മികച്ച ഗോൾ അവസരം സൃഷ്‌ടിച്ച പഞ്ചാബ് 12 ആം മിനുട്ടിൽ കേരളത്തെ ഞെട്ടിച്ചു കൊണ്ട് മുന്നിലെത്തി. മൻവീർ സിങ്ങാണ് പഞ്ചാബിന്റെ ഗോൾ നേടിയത്. എന്നാൽ ഗോൾ വീണതിന് ശേഷം ഉണർന്നു കളിച്ച കേരള താരങ്ങൾ നിരന്തരം പഞ്ചാബ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. അതികം വൈകാതെ തന്നെ കേരളം സമനില ഗോൾ നേടി.ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ജയരാജ് നൽകിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ക്യാപ്റ്റൻ ജിജോ ജോസഫ് ഹെഡ് ചെയ്ത് വലയിൽ ആക്കി.
22ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മൻവീറിലൂടെ പഞ്ചാബ് രണ്ടാം ഗോളും കണ്ടെത്തി. പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. 24ആം മിനുട്ടിൽ ജിജോയ്ക്ക് ഒരു അവസരം ലഭിചെങ്കിലും ഗോളാക്കി മാറ്റനായില്ല.34ആം മിനുട്ടിൽ അർജുൻ ജയരാജിന്റെ ഒരു ഫ്രീകിക്ക് വളരെ കഷ്ടപ്പെട്ടാണ് പഞ്ചാബ് കീപ്പർ രക്ഷപെടുത്തിയത്. താരത്തിന്റെ തന്നെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഗോൾ കീപ്പർ മിഥുൻ പരിക്കേറ്റ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി മാറുകയും ചെയ്തു.
രണ്ടാം പകുതിയിൽ വിജയ ഗോളിനായി കേരളം കൂടുതൽ ആക്രമിച്ചു കളിച്ചു .എന്നാൽ പഞ്ചാബ് ഗോൾ കീപ്പറെ മറികടക്കാൻ കേരളത്തിനായില്ല. 51-ാം മിനിറ്റില്‍ കേരളത്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം കണ്ടു. ബോക്സിന് പുറത്തു നിന്ന് ഷിഗില്‍ നല്‍കിയ പാസ് ജിജോ നൗഫലിന് മറിച്ച് നല്‍കി. പക്ഷേ നൗഫലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്. 53-ാം മിനിറ്റില്‍ നൗഫലിന്റെ ക്രോസില്‍ നിന്നുള്ള ഷിഗിലിന്റെ ഹെഡര്‍ പഞ്ചാബ് ഗോളി അവിശ്വസനീയമായി തട്ടിയകറ്റി. 67ാം മിനിറ്റില്‍ ഒരു ഫൗളിനെ തുടര്‍ന്ന് കേരള – പഞ്ചാബ് താരങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തി. എന്നാല്‍ റഫറി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 71-ാം മിനിറ്റിലും പഞ്ചാബ് ഗോളി ടീമിന്റെ രക്ഷയ്ക്കെത്തി. ഇത്തവണ നൗഫലിന്റെ ഷോട്ട് ഹര്‍പ്രീത് തട്ടിയകറ്റുകയായിരുന്നു.
കേരളത്തിന് വിജയ ഗോൾ നേടാൻ 86 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ക്യാപ്റ്റൻ ജിജോയാണ് കേരളത്തിന്റെ ഗോൾ നേടിയത്. ടൂർണമെന്റിൽ ജിജോ നേടുന്ന അഞ്ചാം ഗോളായിരുന്നു ഇത്.ഈ വിജയത്തോടെ കേരളത്തിന് 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി. കേരളം ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള ബംഗാൾ രണ്ടാമത് നിൽക്കുന്നു. പഞ്ചാബിന് 3 പോയിന്റും മേഘാലയക്ക് 4 പോയിന്റുമാണ് ഉള്ളത്.