ചരിത്രം വഴിമാറും, ലയണൽ മെസിക്ക് വമ്പൻ ഓഫറുമായി സൗദി ക്ലബ് |Lionel Messi

ഖത്തർ ലോകകപ്പിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറിയത്. 175 മില്യൺ പൗണ്ടാണ് താരത്തിന് ഒരു സീസണിൽ പ്രതിഫലമായി സൗദി ക്ലബിൽ നിന്നും ലഭിക്കുന്നത്.

എന്നാൽ റൊണാൾഡോയുടെ ഈ റെക്കോർഡ് മനസു വെച്ചാൽ മെസിക്ക് തകർക്കാൻ കഴിയുമെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നത്. ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ പുറത്തു വിടുന്നതു പ്രകാരം സൗദി ക്ലബായ അൽ ഹിലാലാണ് ലയണൽ മെസിക്ക് വേണ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയുടെ ഓഫറുമായി ശ്രമം നടത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 350 മില്യൺ പൗണ്ടാണ് ലയണൽ മെസിക്കായി അൽ ഹിലാൽ ഓഫർ ചെയ്യുന്നത്. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണിത്. മുപ്പത്തിയഞ്ചു വയസുള്ള താരത്തിനെ സ്വന്തമാക്കാൻ ഒഫിഷ്യൽ ബിഡ് സൗദി ക്ലബ് സമർപ്പിച്ചുവെന്നാണ് യൂറോപ്പിലെ വിവിധ മാധ്യമങ്ങളെല്ലാം വ്യക്തമാക്കുന്നത്.

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതിനു പിന്നാലെ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ തനിക്കെതിരെ തിരിഞ്ഞതിനാൽ മെസി കരാർ പുതുക്കിയേക്കില്ല. ഈ സാഹചര്യം മുതലെടുത്ത് മെസിയെ സ്വന്തമാക്കാൻ വേണ്ടിയാണ് റെക്കോർഡ് തുകയുടെ ഓഫർ അൽ ഹിലാൽ നൽകിയത്.

അതേസമയം ഈ ഓഫർ മെസി സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കാനിരിക്കെ യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസി ആഗ്രഹിക്കുന്നത്. അതേസമയം യൂറോപ്പിലെ ഏതു ക്ലബാണ് മെസിയെ സ്വന്തമാക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. ബാഴ്‌സയാണ് താരത്തിനായി രംഗത്തുള്ളതെങ്കിലും അവരുടെ സാമ്പത്തികപ്രതിസന്ധി അതിനൊരു തടസമാണ്.

Rate this post