ആഫ്രിക്ക നേഷൻസ് കപ്പ് ഫൈനലിൽ ഈജിപ്തിനെ 4-2ന് പെനാൽറ്റിയിൽ പരാജയപ്പെടുത്തി സെനഗൽ ആദ്യമായി കിരീടം സ്വന്തമാക്കി.ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ മികച്ച പ്രകടനമാണ് സെനഗലിന് വിജയം നേടിക്കൊടുത്തത്. കഴിഞ്ഞ തവണ അൾജീറിയ്ക്ക് മുന്നിൽ ഫൈനലിൽ വീണ സെനഗൽ 2002ലും റണ്ണേഴ്സപ്പായിരുന്നു.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. കളിയുടെ തുടക്കത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ സൂപ്പർ താരം സാദിയോ മാനെ ഷൂട്ട് ഔട്ടിലെ അവസാന പെനാൽറ്റി വലയിൽ എത്തിച്ച് പ്രായശ്ചിത്തം ചെയ്തു. ഈജിപ്റ്റിനായി അബ്ദുൾ മോനം എടുത്ത കിക്ക് പോസ്റ്റിൽ തട്ടി പുറത്ത് പോയപ്പോൾ ലഷീനിന്റെ കിക്ക് തടഞ്ഞ് സെനഗൽ ഗോൾ കീപ്പർ മെൻഡി രക്ഷകനായി. ഇസ്മായിൽ സാർ മാത്രമാണ് സെനഗലിനായി പെനാൽറ്റി മിസാക്കിയത്.
സെനഗലിന്റെ ലിവർപൂൾ സൂപ്പർ താരം സാദിയോ മാനെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചെൽസിയുടെ എഡ്വേഡ് മെൻഡിയാണ് മികച്ച ഗോൾ കീപ്പർ. ആഫ്കോൺ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് കാമറൂണിന്റെ വിൻസന്റ് അബൂബക്കർ സ്വന്തമാക്കി.
മത്സരം നാലാം മിനുട്ടിൽ തന്നെ ഈജിപ്ത് പെനാൽറ്റി വഴങ്ങി .ഈജിപ്ത് സെന്റർ ബാക്ക് മുഹമ്മദ് അബ്ദുൽമോനെം ഒരു ടാക്കിളിലൂടെ എതിരാളിയെ വീഴ്ത്തിയതോടെ റഫറി വിക്ടർ മിഗ്വൽ ഡി ഫ്രീറ്റാസ് ഗോമസ് പെനാൽറ്റി വിധിചു. ഈജിപ്ത് ഗോൾകീപ്പർ മുഹമ്മദ് അബൂഗബാൽ തന്റെ ഡിഫൻഡറുടെ പിഴവിന് പ്രായശ്ചിത്തം ചെയ്യുകയും മാനേയുടെ ഷോട്ട് രക്ഷപ്പെടുത്തുകയും ചെയ്തു.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിനും ഇടയിൽ ഈജിപ്ഷ്യൻ കീപ്പർ അബൂഗബാൽ അഞ്ച് സേവുകൾ നടത്തി, മെൻഡി രണ്ട് സേവുകൾ നടത്തി. എന്നാൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഏകദേശം 2 മണിക്കൂറും 40 മിനുട്ടിനു മുൻപുള്ള പെനാൽറ്റി നഷ്ടപെടുത്തിയതിനു പ്രയശ്ചിത്തം ചെയ്ത ലിവർപൂൾ സൂപ്പർ താരം സാദിയോ മാനേ സെനഗലിനെ കിരീടത്തിലേക്കെത്തിച്ചു.