2006 ജൂൺ 16.അർജന്റീനയും സെർബിയ ആൻഡ് മൊണ്ടേനെഗ്രോയും ജർമനി ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടങ്ങളിൽ ഏറ്റു മുട്ടുന്നു. യുവാൻ റോമൻ റിക്വൽമി എന്ന ജാലവിദ്യകാരന് ചുറ്റും യുവാൻ പാബ്ലോ സോറിൻ, ക്രേസ്പോ, പാബ്ലോ ഐമാർ, മാക്സി റോഡ്രിഗസ് തുടങ്ങി അർജന്റീനയുടെ പ്രബലർ കളത്തിലിറങ്ങി. ജോസ് പെക്കർമാൻ തന്ത്രങ്ങൾ മീണഞ്ഞുകൊണ്ടു സൈഡ് ലൈനിൽ നിലയുറപ്പിച്ച കളിയിൽ താരതമ്യേന ദുർബലരായ സെർബിയക്കെതിരെ ഏകപക്ഷീയമായ 6 ഗോളുകളുടെ വിജയം രുചിച്ചു.
എന്നാൽ ഈ മത്സരം അറിയപ്പെടുന്നത് ആ ജയത്തിന്റെ പേരിൽ ആയിരുന്നില്ല.54 നിമിഷങ്ങൾ നീണ്ടുനിന്ന സുന്ദര നിമിഷങ്ങളുടെ പേരിലായിരുന്നു. ആയിരം വർഷങ്ങൾ ജീവിക്കുന്നതിനേക്കാൾ സംതൃപ്തി ഏതാനം ചില നിമിഷങ്ങൾക്ക് നൽകുവാനാകും എന്ന് തെളിയിക്കപ്പെട്ട മുഹൂർത്തമായിരുന്നു അത്. ഗോളടിച്ചു കൂട്ടാൻ എല്ലാവരെകൊണ്ടുമാകും. പക്ഷേ അത് കാണുന്നവന്റെ മനസ് കൂടി നിറക്കണം. ആരാധകരുടെയും എതിരാളികളുടെയും മാത്രമല്ല വിമർശകരുടെ പോലും മനസ് നിറക്കുന്നതായിരുന്നു ആ 54 നിമിഷങ്ങൾ. കളിക്കളത്തിലെ ശൂന്യതയിലേക്കും മാർക്ക് ചെയ്യപ്പെടാത്ത താരങ്ങളിലേക്കും പന്ത് തട്ടി സെർബിയൻ നിരയുടെ ക്ഷമ ആർജന്റീനൻ താരങ്ങൾ 26 പാസ് കൊണ്ട് പരീക്ഷിച്ച നിമിഷങ്ങൾ.
1-0 എന്ന സ്കോറിൽ അർജന്റീന മത്സരത്തിൽ മുന്നിട്ട് നിൽക്കെ ആർജന്റീനൻ ബോക്സിലേക്ക് ഇരച്ചു കയറിയ സെർബിയൻ താരങ്ങളുടെ പക്കൽ നിന്നും മഷറാണോ പന്ത് റാഞ്ചിയെടുക്കുമ്പോൾ ഒരു കൗണ്ടർ അറ്റാക്കിന് അനുയോജ്യമായ നിലയിൽ ആയിരുന്നു അർജന്റീന. മറ്റേതൊരു ടീം ആയിരുന്നെങ്കിലും അതിന് മുതിരുമായിരുന്നു. എന്നാൽ പന്ത് ലഭിച്ച അർജന്റീനൻ പ്ലെയേഴ്‌സ് വേഗത കുറഞ്ഞ കുറിയ പാസുകളിലൂടെ കളിയുടെ വേഗത തങ്ങളുടെ വരുതിയിലാക്കി. മഷറാണോ, റിക്വൽമി, കാംപ്യോസ എന്നിവരടങ്ങിയ മധ്യനിര പാസുകളിലൂടെ ഒരു മായാവലയം സൃഷ്ട്ടിച്ചു.
ഓരോ ടച്ചിലും അർജന്റീനൻ നിര തങ്ങളുടെ ഗോൾ ലൈനിനോട് അടുക്കുകയാണ് എന്ന യാഥാർത്ഥ്യം മനസിലാക്കുവാൻ കഴിയാത്ത വിധം സെർബിയൻ നിര ആ മായാവലയത്തിൽ അകപ്പെട്ടു. പന്ത് ലഭിക്കാതെ മനഃസാന്നിദ്യം നഷ്ടപ്പെട്ട സെർബിയൻ താരങ്ങൾ തങ്ങളുടെ ഡിഫൻസ് ഫോർമേഷൻ മറന്ന് പന്തിനായി നെട്ടോട്ടമോടി.കളി മന്ദഗതിയിൽ മുന്നേറവേ ടച്ച് ലൈനിന് അരികിൽ നിന്ന സോറിന് മഷറാണോയുടെ പാസ്. സോറിനിൽ നിന്നും സാവിയോളയിലേക്ക്. തുടർന്ന് സാവിയോളയും റിക്വൽമിയും ചേർന്നൊരു മുന്നേറ്റം. ഒടുവിൽ റിക്വൽമിയിൽ നിന്നും ലഭിച്ച പന്ത് മികച്ചൊരു പാസിലൂടെ ബോക്സിനേരികെ നിൽക്കുന്ന കാംപ്യാസോക്ക്. വായുവിൽ കറങ്ങി വളഞ്ഞെത്തിയ പന്തിനെ സ്വീകരിക്കുവാനൊരുങ്ങവെ തന്റെ അറ്റാക്കിങ് എബിലിറ്റിയെ ചോദ്യം ചെയ്യുന്നവർക്ക് മറുപടി കൊടുക്കാൻ പറ്റിയ സുവർണ നിമിഷം അതാണെന്ന് അയ്യാൾ തിരിച്ചറിഞ്ഞു.
സാവിയോളയിൽ നിന്നും വന്ന പന്ത് കാംപ്യാസോ ഒരു തൂവൽ സ്പർശത്തിലൂടെ തന്റെ അരികിലൂടെ മുന്നേറുന്ന ക്രെസ്പോക്ക് നല്കി. ഇടത് കാൽ കൊണ്ട് പന്ത് വരുതിയിലാക്കിയ ക്രെസ്പോ കാമ്പ്യസോക്ക് മുന്നേറുവാനുള്ള സാവകാശം നല്കിയ ശേഷം വലതു കാൽ കൊണ്ട് ഒരു ബാക് ഹീൽ പാസ്. പാഞ്ഞടുത്ത കാമ്പ്യസോ തകർപ്പനൊരു ഷോട്ട് ഉതിർത്തു. ഗോളിയേയും കീഴടക്കി ആ പന്ത് വലയിൽ പതിക്കുമ്പോൾ കണ്മുന്നിൽ കണ്ട 26 പാസ് കൊണ്ട് നെയ്തെടുത്ത ദൃശ്യ വിസ്മയത്തിൽ മതിമറന്ന് കൈവരിയിന്മേൽ ചാടി കയറിയ ഫുട്‌ബോൾ ദൈവം മറഡോണക്കൊപ്പം ആരാധക വ്യത്യാസം ഇല്ലാതെ ഫുട്‌ബോൾ ലോകം ഒന്നടങ്കം ആർത്തു വിളിച്ചു
GOAAAAAALLLLL…..
കടപ്പാട്