ലയണൽ മെസിയുടെ ഫ്രീകിക്ക് ഗോൾ ആശ്ചര്യപ്പെടുത്തിയില്ലെന്ന് സെർജിയോ റാമോസ് |Lionel Messi
കഴിഞ്ഞ ദിവസം പിഎസ്‌ജിയും ലില്ലെയും തമ്മിൽ നടന്ന ഫ്രഞ്ച് ലീഗ് മത്സരം തൊണ്ണൂറു മിനുട്ട് പിന്നിട്ടപ്പോഴും ഒരു ഗോളോ അസിസ്റ്റോ മെസിക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ഘട്ടത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുമെന്ന് തോന്നിപ്പിച്ച മത്സരം അപ്പോൾ സമനിലയിൽ ആയിരുന്നെങ്കിലും അതിനു ശേഷം മെസി അവതരിപ്പിച്ചു. ഇഞ്ചുറി ടൈമിലെ ഫ്രീ കിക്ക് ഗോളിൽ പിഎസ്‌ജിക്ക് താരം വിജയം നേടിക്കൊടുത്തു.
പ്രതിഭകൾക്ക് മത്സരത്തിന്റെ മുഴുവൻ ഗതിയും മാറ്റിമറിക്കാൻ ഒരു നിമിഷം മതിയെന്നു തെളിയിച്ചാണ് മെസി അവസാന നിമിഷം ഫ്രീ കിക്ക് ഗോൾ നേടിയത്. ആ ഗോൾ പരിശീലകൻ അടക്കം പിഎസ്‌ജി ക്യാമ്പിലുള്ള എല്ലാവരും മതിമറന്ന് ആഘോഷിക്കുകയുണ്ടായി. മത്സരത്തിനു ശേഷം മെസിയുടെ ഗോളിനെക്കുറിച്ച് പിഎസ്‌ജി പ്രതിരോധതാരം സെർജിയോ റാമോസ് സംസാരിക്കുകയുണ്ടായി.
“എനിക്കതിൽ ആശ്ചര്യമൊന്നും തോന്നിയില്ലെന്നതാണ് സത്യം. ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന സമയത്തു തന്നെ മെസി ഇതുപോലെ മത്സരങ്ങൾ ഒറ്റക്ക് വിധിയെഴുതുന്നത് സ്വാഭാവികമായ കാര്യമാണ്. ഞാനത് കണ്ടിട്ടുമുണ്ട്. താരം ഇപ്പോൾ എന്റെ കൂടെയാണ് കളിക്കുന്നതെന്നതിൽ വളരെയധികം സന്തോഷമുണ്ട്.” ആമസോൺ പ്രൈമിനോട് സംസാരിക്കുമ്പോൾ റാമോസ് പറഞ്ഞു.
മത്സരത്തിന് ശേഷം മെസിയുടെ അരികിലെത്തി ഗോളിന്റെയും വിജയത്തിന്റെയും സന്തോഷം പങ്കു വെക്കാൻ റാമോസ് മറന്നില്ല. മെസിയെ ആലിംഗനം ചെയ്‌ത് എടുത്തുയർത്തിയാണ് റാമോസ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്. ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും മുൻ നായകൻമാർ തമ്മിൽ ഇപ്പോൾ മികച്ച ബന്ധമാണുള്ളതെന്ന് തെളിയിക്കുന്നതാണ് ആ ദൃശ്യങ്ങൾ.
❗️🗣️ Sergio Ramos: "I'm not surprised anymore, Messi since Barça is used to deciding games like he did today. I'm glad he's on MY team now." [amazon prime]
— mx ⭐️⭐️⭐️ (@MessiMX30iiii) February 19, 2023
🤩 pic.twitter.com/hOClSNVRyT
മത്സരത്തിൽ വിജയം നേടിയതോടെ ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി തന്നെ നിലനിർത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞു. അതിനു പുറമെ ഈ വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ തിരിച്ചു വരവിനടക്കം ഇത് സഹായിക്കും.