സെർജിയോ റാമോസും സൗദി അറേബ്യയിലേക്കോ ? കരിം ബെൻസിമയുമായി ഒന്നിക്കുന്നു

ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് പുറത്തായതിന് ശേഷം സെർജിയോ റാമോസ് ഫ്രീ ഏജന്റുമാരിൽ ഒരാളായി തുടരുകയാണ്.പരിക്കുകളോടെയുള്ള നീണ്ട പോരാട്ടത്തെത്തുടർന്ന് അടുത്തിടെ തന്റെ മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ 37 കാരനായ ഡിഫൻഡർ പാരീസ് ക്ലബ്ബിലെ തന്റെ രണ്ടാമത്തെയും അവസാനത്തെയും സീസണിൽ ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ പിഎസ്ജി ടീമിലെ പ്രധാന താരമായിരുന്നു.

പി‌എസ്‌ജിയിൽ നിന്ന് പുറത്തുകടക്കുന്നതായി പ്രഖ്യാപിച്ചതുമുതൽ യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും അമേരിക്കയിൽ നിന്നും നിരവധി ഓഫറുകൾ ഉണ്ടായെങ്കിലും ആ ക്ലബ്ബുകളുമായി കരാറിലെത്തുന്നതിൽ താരം പരാജയപെട്ടു. അതിനു ശേഷം തുർക്കി ഭീമൻമാരായ ഗലാറ്റസറേ, ബെസിക്താസ് എന്നിവരിൽ നിന്നുള്ള ഓഫറുകൾ ഡിഫൻഡർ അടുത്തിടെ നിരസിച്ചു.

എന്നാൽ മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റന് സൗദി പ്രോ ലീഗ് ക്ലബിൽ നിന്ന് ഒരു ഓഫർ ലഭിച്ചുവെന്ന ഫുട്‌മെർകാറ്റോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദ് റാമോസിന് മുന്നിൽ ഓഫർ വെച്ചിരിക്കുകയാണ്.ഡിഫൻഡർ ക്ലബിൽ നിന്നുള്ള ഓഫർ പരിഗണിക്കുന്നുണ്ടെന്നും സൗദി ഭീമനിൽ ചേരാൻ ഈ ആഴ്ച തന്നെ തീരുമാനിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

സൗദി പ്രോ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ അൽ ഇത്തിഹാദ്, ഫാബിഞ്ഞോ, എൻഗോലോ കാന്റെ, റാമോസിനൊപ്പം സഹതാരമായ മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസെമ എന്നിവരുൾപ്പെടെ താരങ്ങളെ സ്വന്തമാക്കിയിരുന്നു. റാമോസിന് മുന്നിൽ ക്ലബ് രണ്ടു വര്ഷത്തെ കരാറാണ് മുന്നോട്ട് വച്ചത്.

Rate this post