‘ജനുവരിയിൽ 8 താരങ്ങളെ സൈൻ ചെയ്തു ,ആദ്യം ഇത് നിർത്തണം’ : ചെൽസി ഉടമകൾക്കെതിരെ വിമർശനവുമായി തിയാഗോ സിൽവ

റയൽ മാഡ്രിഡിനോട് പരാജയപെട്ട് ചാമ്പ്യൻസ് ലീഗ് പുറത്തായതിന് പിന്നാലെ ചെൽസി ഡിഫൻഡർ തിയാഗോ സിൽവ ക്ലബ്ബിന്റെ ഉടമസ്ഥതയെ വിമർശിച്ചു. മോശം ട്രാൻസ്ഫർ തന്ത്രമാണ് ഡ്രസ്സിംഗ് റൂമിലെ ഭിന്നതയ്ക്ക് കാരണമായതെന്ന് മത്സരത്തിന് ശേഷം വികാരാധീനനായി കാണപ്പെട്ട സിൽവ അഭിപ്രായപ്പെട്ടു.റയൽ മാഡ്രിഡിനോട് 2-0ന് തോറ്റ ചെൽസി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്കുള്ള യോഗ്യതാ പ്രതീക്ഷകൾ അവസാനിപ്പിച്ചു.

ഈ തോൽവി ചെൽസിയുടെ മാനേജർ ഫ്രാങ്ക് ലാംപാർഡിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്, സീസണിലെ ശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ അദ്ദേഹം തുടരും. എന്നിരുന്നാലും, പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നിലവിൽ 11-ാം സ്ഥാനത്താണ് ക്ലബ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്.ഈ സീസണിൽ മാത്രം നാല് പരിശീലകനാണ് ചെൽസി ടീമിനെ നയിച്ചത്. ആദ്യം ടുഷെലിനെ പുറത്താക്കി ഗ്രഹാം പോട്ടറെ ടീമിലെത്തിച്ചെങ്കിലും അദ്ദേഹവും മോശം ഫോം കാരണം പുറത്തു പോയി. അതിനു ശേഷം താൽക്കാലിക പരിശീലകനായി ബ്രൂണോ സാൾട്ടയർ, ഫ്രാങ്ക് ലാംപാർഡ് എന്നിവരുമെത്തുകയുണ്ടായി.

ഇതിനു പുറമെ കഴിഞ്ഞ സമ്മറിലും ഈ ജനുവരി ജാലകത്തിലുമായി നിരവധി സൈനിംഗുകളും ചെൽസി നടത്തി.ചെൽസിയുടെ സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ മാനേജർക്ക് കഴിയുമെന്ന നിർദ്ദേശങ്ങളും ബ്രസീലിയൻ ഡിഫൻഡർ തള്ളിക്കളഞ്ഞു. പ്രശ്‌നങ്ങൾ മാനേജരുമായി മാത്രമല്ല ക്ലബിന്റെ ഉടമസ്ഥാവകാശവും കൈമാറ്റ നയവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.“ഞങ്ങൾ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ പരിശീലകരെ പഴിചാരിയിട്ട് യാതൊരു കാര്യവുമില്ല. ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്ത ക്ലബ്ബിനെ സംബന്ധിച്ച് ഇതൊരു കടുപ്പമേറിയ തീരുമാനമായിരുന്നു. ഉടമ മാറിയത്, പുതിയ താരങ്ങൾ എത്തിയത്. സ്‌ക്വാഡിനെ കൃത്യമായി ഉൾക്കൊള്ളിക്കാൻ കഴിയാത്തതിനാൽ ഡ്രസിങ് റൂം വലിപ്പം കൂട്ടേണ്ടി വന്നു.” സിൽവ പരിഹാസത്തോടെ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സിൽവ, റയൽ മാഡ്രിഡിനെതിരായ തോൽവി തന്റെ കരിയറിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരമായിരിക്കുമെന്ന് സമ്മതിച്ചു.”ഇത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതും വ്യക്തിപരമായി നിരാശാജനകവുമായ ഒരു സീസണായിരുന്നു. ചാമ്പ്യൻസ് ലീഗിലെ എന്റെ അവസാന മത്സരമായിരിക്കാം ഇത്. എന്റെ കരാറിന് ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ, എന്റെ കരിയർ അവസാനിക്കുകയാണ്. ഇത് വളരെ സങ്കടകരമായ ദിവസമാണ്. എന്നാൽ സീസണിന്റെ അവസാനം വരെ കൂടുതൽ മത്സരങ്ങൾ ജയിക്കാൻ ഞങ്ങൾ പരിശ്രമിക്കണമെന്ന് ഞാൻ കരുതുന്നു,” സിൽവ പറഞ്ഞു.

Rate this post