‘ഇവിടെ വരുമ്പോഴെല്ലാം റഫറി ഞങ്ങൾക്ക് എതിരാണ്’ : റയൽ മാഡ്രിഡിനെതിരെയുള്ള മത്സരശേഷം റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി സിമിയോണി

ഇന്നലെ രാത്രി നടന്ന മാഡ്രിഡ് ഡെർബിക്ക് ശേഷം മത്സരം നിയന്ത്രിച്ച റഫറി ജെസസ് ഗിൽ മാൻസാനോയെ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി വിമർശിച്ചു. മത്സരത്തിൽ തങ്ങളുടെ അർജന്റീനിയൻ ഫോർവേഡ് ഏഞ്ചൽ കൊറിയയെ ചുവപ്പ് കാർഡ് കണ്ട് പുറത്താക്കിയതിന് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി റഫറിക്കെതിരെ തിരിഞ്ഞു. മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ 64-ാം മിനിറ്റിൽ എയ്ഞ്ചൽ കൊറിയയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. ഗോൾകിക്കിനായി നിൽക്കുമ്പോൾ റയൽ മാഡ്രിഡ് ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ ഇടിച്ചതിന് ഏഞ്ചൽ കൊറിയയ്ക്ക് നേരെ ചുവപ്പ് കാർഡ് ലഭിച്ചു. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് താരം നേരിട്ട ചുവപ്പ് കാർഡ് അർഹിക്കുന്ന ഫൗൾ ചെയ്തിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. മുപ്പത്തിയൊന്നു മത്സരങ്ങളിൽ എട്ട് ചുവപ്പുകാർഡ് അത്ലറ്റികോ മാഡ്രിഡിന് നൽകിയ ഗിൽ മൻസാണോ ആയിരുന്നു മത്സരം നിയന്ത്രിച്ചത്.

ഒരു കളിക്കാരനും ഇതുപോലൊരു ഫൗളിന് ചുവപ്പ് കാർഡ് കിട്ടിയിട്ടില്ലെന്ന് മത്സരശേഷം ഡീഗോ സിമിയോണി പറഞ്ഞു. മഞ്ഞക്കാർഡാണ് അർഹിക്കുന്നതെന്നും എന്നാൽ ചുവപ്പ് കാർഡല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഫറി റയൽ മാഡ്രിഡിന് അനുകൂലമായി തീരുമാനമെടുക്കുന്നത് സാധാരണമാണെന്നും അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഇത് ഏതു വിധേനയും പോകാം, ചിലപ്പോൾ നിങ്ങൾക്ക് അനുകൂലമായും ചിലപ്പോൾ നിങ്ങൾക്ക് പ്രതികൂലമായും. എന്നിരുന്നാലും, ഞങ്ങൾ ഇവിടെ വരുമ്പോഴെല്ലാം അത് ഞങ്ങൾക്ക് എതിരാണ്,” സിമിയോണി പറഞ്ഞു.

മത്സരത്തിന് ശേഷം ഏഞ്ചൽ കൊറേയക്ക് മത്സരത്തിനിടെ ബൂട്ട് കൊണ്ട് കിട്ടിയ ചവിട്ടിൽ മുറിവ് പറ്റിയതിന്റെ ചിത്രം അത്ലറ്റികോ മാഡ്രിഡ് പോസ്റ്റ് ചെയ്‌തിരുന്നു. അക്രമം നടത്തിയെന്ന് പറയുന്ന ആൾക്കാണ് ഇതുപോലെ സംഭവിച്ചതെന്നും റയൽ മാഡ്രിഡുമായി കളിക്കുമ്പോൾ ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്നും അവർ വ്യക്തമാക്കി. ഇവരിൽ ഒരാളെ പുറത്താക്കിയെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. 78-ാം മിനിറ്റിൽ ജോസ് മരിയ ഗിമെനെസിന്റെ തകർപ്പൻ ഹെഡറിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തി. എന്നാൽ 85-ാം മിനിറ്റിൽ ഉറുഗ്വേയുടെ യുവതാരം അൽവാരോ റയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്തു.