ചെൽസിക്ക് തോൽവി : ഇന്റർ മിലാനും, റോമക്കും ജയം : എസി മിലാന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ രണ്ടാം തോൽവി നേരിട്ട് ചെൽസി.ഇന്നലെ നടന്ന മത്സരത്തിൽ സതാംപ്ടനാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയെ വീഴ്ത്തിയത്. നേരത്തെ ലീഡ്സ് യുണൈറ്റഡിനോടും ചെൽസി തോറ്റിരുന്നു. മത്സരത്തിന്റെ 23ആം മിനുട്ടിൽ സ്റ്റെർലിങിലൂടെ ലീഡ് എടുത്തു. രണ്ട് മത്സരങ്ങൾക്ക് ഇടയിൽ സ്റ്റെർലിങ്ങിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്.
എന്നാൽ അഞ്ച് മിനിറ്റിനകം റോമിയോ ലാവിയയിലൂടെ സതാംപ്ടൻ ഒപ്പമെത്തി. പിന്നീട് ആദ്യം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആദം ആംസ്ട്രോങ്ങിന്റെ ഗോളിൽ സതാംടൻ വിജയം ഉറപ്പിക്കുകയായിരുന്നു.രണ്ടാം പകുതിയിൽ ചെൽസി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും സതാംപ്ടന്റെ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല.അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സതാമ്പ്ടണും ചെൽസിക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.
മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡും എവർട്ടനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.17 മത്തെ മിനിറ്റിൽ അലക്‌സ് ഇയോബിയുടെ പാസിൽ നിന്നു ആന്റണി ഗോർഡൺ എവർട്ടണിനെ മുന്നിലെത്തിച്ചു.എന്നാൽ രണ്ടാം പകുതിയിൽ ലീഡ്സ് അർഹിച്ച ഗോൾ കണ്ടത്തി. ബ്രണ്ടൻ ആരോൺസന്റെ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ കൊളംബിയൻ താരം ലൂയിസ് സിനിസ്റ്റെറ ലീഡ്സിന് സമനില ഗോൾ കണ്ടത്തി. അവസാന നിമിഷങ്ങളിൽ മത്സരം കൂടുതൽ ചൂട് പിടിച്ചു എങ്കിലും വിജയഗോൾ മാത്രം പിറന്നില്ല. അഞ്ചു മത്സരങ്ങളിൽ നിന്നും ഒരു ജയം പോലും നേടാൻ ഇതുവരെ ലീഡ്‌സിന് സാധിച്ചിട്ടില്ല.
The strike 💥
— Southampton FC (@SouthamptonFC) August 30, 2022
The passion ❤️@RomeoLavia's #PL account: OPEN 🔓 pic.twitter.com/wWXEq5RwfY
ഇറ്റാലിയൻ സിരി എ യിൽ യുവന്റസിൽ നിന്നും കൂടുമാറിയ അർജന്റീന താരം ഡിബാലയുടെ മിന്നും ഫോമിൽ റോമക്ക് മികച്ച വിജയം.ഡിബാല ഇരട്ട ഗോൾ നേടിയ മത്സരത്തിൽ മോൻസെയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് റോമ തകർത്തത്. ഇതോടെ റോമ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.പന്ത് കൂടുതൽ നേരം കൈവശം വച്ചത് എതിരാളികൾ ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് റോമ ആയിരുന്നു. 18 മത്തെ മിനിറ്റിൽ പുതിയ ക്ലബിന് ആയുള്ള ആദ്യ ഗോൾ ഡിബാല നേടി.ടാമി എബ്രഹാമിന്റെ ഹെഡർ പാസിൽ നിന്നായിരുന്നു ഡിബാലയുടെ ഗോൾ. 32 മത്തെ മിനിറ്റിൽ ബാല ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ലോറൻസോ പെല്ലെഗ്രിനിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഇബാനസ് റോമ ജയം പൂർത്തിയാക്കി. ജയത്തോടെ നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തേക്കും റോമ ഉയർന്നു.
Dybala first goal in roma colors pic.twitter.com/2FCJezbN4M
— J (@MourinhoPics) August 30, 2022
മറ്റൊരു മത്സരത്തിൽ ക്രെമോനെൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്റർ മിലാൻ പരാജയപ്പെടുത്തി.ഇന്ററിനായി ജോവാക്വിൻ കോറേയ, നിക്കോളോ ബാരെല്ല, ലോത്താരോ മാർട്ടിനെസ് എന്നിവർ വലകുലുക്കി. ക്രെമോനെൻസിന്റെ ആശ്വാസഗോൾ ഡേവിഡ് ഓക്കേരേക്കെയുടെ വകയായിരുന്നു.ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ ഇന്ററിന് ആയി.മറ്റൊരു മത്സരത്തിൽ എ സി മിലാനെ സാസുവോലോ ഗോൾ രഹിത സമനിലയിൽ തളച്ചു.22 മത്തെ മിനിറ്റിൽ ഡൊമനിക്കോ ബെറാർഡിയുടെ പെനാൽട്ടി രക്ഷിച്ച മിലാൻ ഗോൾ കീപ്പർ മൈക്ക് മയിഗ്നം അവരെ തോൽവിയിൽ നിന്നും രക്ഷിച്ചു. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മിലാൻ .