ചുവന്ന ചെകുത്താന്മാരെ പിന്തള്ളി സ്പാനിഷ് സൂപ്പർഡിഫൻഡർക്കായി ആഴ്‌സണൽ ഒരുങ്ങുന്നു.

ഫ്രഞ്ച് ക്ലബ്ബായ  ലില്ലെയിൽ നിന്നും ബ്രസീലിയൻ പ്രതിരോധതാരമായ ഗബ്രിയേൽ മഗൽഹേസിനെ സ്വന്തമാക്കിയെങ്കിലും പ്രതിരോധത്തിൽ കൂടുതൽ ശക്തിപകരാനുള്ള ഒരുക്കത്തിലാണ് ടെക്നിക്കൽ  ഡയറക്ടർ  എഡുവിനൊപ്പം മൈക്കൽ അർട്ടേറ്റ. അതിനായി വിലമതിപ്പുള്ള വിയ്യറയലിലെ സ്പാനിഷ് താരം പാവു ടോറസിനെ കൂടി തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആഴ്സണൽ.

സ്പാനിഷ് മാധ്യമമായ ടോഡോഫിചായെസ്.കോമിന്റെ റിപ്പോർട്ടുകൾ പ്രകാരം നിലവിലെ വിയ്യാറയൽ പരിശീലകനായ  ഉനൈ എമ്റിയുടെ  അനുവാദത്തോടെ ഇരുപത്തിമൂന്നുകാരൻ പാവു ടോറസുമായി കരാറിലെതമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ആഴ്‌സണൽ. ഇതോടെ താരത്തിനായി മാസങ്ങളായി ശ്രമിക്കുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ വൻ മത്സരമാണ് ആഴ്‌സണൽ കാഴ്ചവെക്കാനൊരുങ്ങുന്നത്.

വിയ്യാറയലിന്റെ യൂത്ത് അക്കാഡമിയിലൂടെ വളർന്നു വന്ന പാവു ടോറസ് 2018-19 സീസണിൽ  സ്പെയിനിന്റെ സെഗുണ്ട ഡിവിഷനിൽ  ലോണിൽ  മലാഗക്കൊപ്പം നടത്തിയ പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതിനു ശേഷം വിയ്യാറയലിലേക്ക് തന്നെ തിരിച്ചെത്തിയ താരം ഒരൊറ്റ മത്സരം പോലും പുറത്തിരിക്കാതെയാണ് സീസൺ പൂർത്തിയാക്കിയത്. 35 മില്യൺ യൂറോയാണ് താരത്തിനായി ആഴ്സണൽ ചെല്വക്കനുദ്ദേശിക്കുന്നത്.

കഴിഞ്ഞ നവംബറിൽ സ്പെയിനിനൊപ്പം അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 5 മത്സരങ്ങളിൽ സ്പെയിനിനായി കളത്തിലിറങ്ങിയിട്ടുണ്ട്. സ്പെയിൻ പരിശീലകൻ ലൂയിസ് എൻരിക്കെയുടെ കീഴിൽ സെർജിയോ രമോസിനൊപ്പം ശക്തമായ പ്രതിരോധമാണ് പൗ ടോറസ് കാഴ്ചവെക്കുന്നത്. സ്പെയിൻ നേഷൻസ് ലീഗിൽ അവസാനം കളിച്ച പോർച്ചുഗലിനും സ്വീഡനുമെതിരായ രണ്ടു മത്സരങ്ങളിലും താരത്തിനു കളിക്കാനായിട്ടുണ്ട്. താരത്തിനായി ആഴ്‌സണൽ രംഗത്തെത്തിയതോടെ യുണൈറ്റഡുമായി ശക്തമായ മത്സരം തന്നെ പ്രതീക്ഷിക്കാം.