ഇനിയും ഒരുപാട് കാലം കളത്തിൽ പോരാടാൻ ആഗ്രഹിക്കുന്നു, പക്ഷേ പ്രാധാന്യം നൽകുന്നത് മറ്റൊരു കാര്യത്തിന് : മെസ്സി

സൂപ്പർ താരം ലയണൽ മെസ്സി ഇനി ഒരുപാട് വർഷങ്ങളൊന്നും കളിക്കളത്തിൽ ഉണ്ടാവില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.ആ യാഥാർത്ഥ്യം അംഗീകരിച്ചു തുടങ്ങാൻ ആരാധകർ ആരംഭിച്ചിരിക്കുന്നു. ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ളതു മെസ്സി തന്നെ തുറന്നു പറഞ്ഞിരുന്നു. അതായത് അർജന്റീനയുടെ ദേശീയ ടീമിൽ ഇനി മെസ്സി ഒരുപാട് വർഷങ്ങൾ ഒന്നും കാണാൻ സാധിക്കില്ല.

ലയണൽ മെസ്സിക്ക് ഇപ്പോൾ 35 വയസ്സാണ്. പക്ഷേ പ്രായത്തിന്റെ യാതൊരു തളർച്ചകളും ബാധിക്കാത്ത താരമാണ് മെസ്സി. കഴിഞ്ഞ സീസണിൽ മെസ്സിയെ എഴുതിത്തള്ളിയ വിമർശകർക്കെല്ലാം ഈ സീസണൽ മെസ്സി പലിശ സഹിതം മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്.ശരീരം അനുവദിക്കുന്നിടത്തോളം മെസ്സി കളിക്കുമോ എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ട കാര്യം.പക്ഷേ ഒരുപാട് വർഷങ്ങളൊന്നും ഇനി ഉണ്ടാവില്ല എന്നുള്ളത് റിയാലിറ്റി തന്നെയാണ്.

മെസ്സി തന്നെ ഇപ്പോൾ ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് വർഷങ്ങൾ കളത്തിൽ പോരാടാൻ ആഗ്രഹിക്കുന്നു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. പക്ഷേ നിങ്ങളുടെ നല്ല വ്യക്തിത്വം മാത്രമേ അവശേഷിക്കുകയുള്ളൂയെന്നും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ കുടുംബമാണെന്നും മെസ്സി കൂട്ടിച്ചേർത്തു.

‘ എനിക്ക് ഇനിയും പോരാടാൻ ആഗ്രഹമുണ്ട്, ഒരുപാട് വർഷം മികച്ച താരമായി നിലകൊള്ളാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്.പക്ഷേ ഏറ്റവും അവസാനത്തിൽ നിങ്ങൾ എത്രത്തോളം നല്ല വ്യക്തിയാണ് എന്നുള്ളത് മാത്രമാണ് അവശേഷിക്കുക.കളത്തിന് പുറത്ത് നിങ്ങൾ എത്രത്തോളം നല്ല വ്യക്തിയാണ് എന്നുള്ളതാണ് പരിഗണിക്കപ്പെടുക. എന്റെ കുട്ടിക്കാലം മുതലേ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാര്യം, അത് എന്റെ കുടുംബത്തിന് മാത്രമാണ് ‘ മെസ്സി പറഞ്ഞു.

മെസ്സി ഒരു ഫാമിലി മാൻ ആണ് എന്നുള്ളത് ഒട്ടേറെ തവണ തെളിഞ്ഞ കാര്യമാണ്. തന്റെ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും സംസാരിക്കാൻ പലപ്പോഴും മെസ്സിക്ക് നൂറു നാവാണ്.ഏതായാലും ലയണൽ മെസ്സി കളത്തിൽ ഉള്ള കാലത്തോളം അദ്ദേഹത്തെ പരമാവധി ആസ്വദിക്കാനാണ് ആരാധകർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Rate this post