യുവന്റസിന് ഇപ്പോഴും സുവാരസിനെ വേണം, പക്ഷെ നിബന്ധന ഒന്ന് മാത്രം !
കഴിഞ്ഞ ദിവസമായിരുന്നു ബാഴ്‌സയുടെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ വിഷയത്തിൽ നിർണായകവഴിത്തിരിവ് സംഭവിച്ചത്. താരം യുവന്റസിലേക്ക് ചേക്കേറാൻ വേണ്ടി ഇറ്റാലിയൻ എക്സാം എഴുതി പൂർത്തിയാക്കുന്നതിനിടെയാണ് യുവന്റസ് കളം മാറ്റി പിടിച്ചത്. റോമയുടെ സ്‌ട്രൈക്കറായ എഡിൻ സെക്കോയെ യുവന്റസ് സൈൻ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ സൂചനകൾ തന്നെയാണ് പിർലോ കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ പുറത്തു വിട്ടത്. സുവാരസ് ഇനി യുവന്റസിലേക്ക് എത്തൽ ബുദ്ധിമുട്ടാവുമെന്നും താരത്തിന് അതാത് സമയത്ത് പാസ്പോർട്ട് ലഭിക്കാത്തതാണ് യുവന്റസിനെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും പിർലോ അറിയിച്ചിരുന്നു. ചുരുക്കത്തിൽ സുവാരസിനെ ഇനി യുവന്റസ് സൈൻ ചെയ്യില്ല എന്ന രൂപത്തിലായിരുന്നു ഇതുവരെ കാര്യങ്ങൾ.
Juventus still want to sign Luis Suarez.. but could wait until Januaryhttps://t.co/0u8pDqikRF
— SPORT English (@Sport_EN) September 20, 2020
എന്നാൽ അതിൽ ഇപ്പോൾ മാറ്റം സംഭവിച്ചതായാണ് ഏറ്റവും പുതിയ വാർത്തകൾ പ്രതിപാദിക്കുന്നത്. സുവാരസിനെ സൈൻ ചെയ്യാൻ ഇപ്പോഴും യുവന്റസിന് താല്പര്യമുണ്ട്. പക്ഷെ നിലവിൽ അത് നടന്നേക്കില്ല. കാരണം സെക്കോയുമായി യുവന്റസ് ധാരണയിൽ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഉടനടി ട്രാൻസ്ഫർ നടത്താൻ യുവന്റസിന് കഴിയില്ല. മറിച്ച് സുവാരസ് ജനുവരി വരെ കാത്തിരിക്കണം എന്നാണ് ക്ലബ്ബിന്റെ നിലപാട്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
അതായത് നിലവിലെ ഇറ്റാലിയൻ പാസ്പോർട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സുവാരസ് പരിഹരിക്കണം. തുടർന്ന് ജനുവരി വരെ താരം ബാഴ്സയിൽ തുടരണം. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് താരത്തെ സ്വന്തമാക്കും. ഇതാണ് യുവന്റസ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനോട് സുവാരസ് എങ്ങനെ പ്രതികരിക്കും എന്നറിയില്ല. നിലവിൽ ഒരു വർഷം കൂടി താരത്തിന് ബാഴ്സയിൽ കരാറുണ്ട്.