ഒരു സീസണിൽ ശരാശരി 29 ഗോളുകൾ, സുവാരസ് അത്‌ലറ്റിക്കോയിൽ എത്തിയാൽ ഭയക്കേണ്ടത് ബാഴ്‌സയും റയലും.

ലൂയിസ് സുവാരസിന്റെ ഗോളടി മികവിൽ ആർക്കും സംശയമുണ്ടാവില്ല. ഓരോ സീസണിലും താരം ഗോളടിച്ചു കൂട്ടുന്നത് നിരവധി തവണ കണ്ടതാണ്. ബാഴ്സയിൽ നിന്ന് താരം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോവുമ്പോൾ ബാഴ്‌സ നഷ്ടപ്പെടുത്തുന്നത് മികച്ച ഒരു ഗോൾവേട്ടക്കാരനെയാണ്. അത്‌ലറ്റിക്കോക്ക് ലഭിക്കുന്നതോ ഒരു സീസണിൽ ശരാശരി 29 ഗോളുകൾ നേടുന്ന സൂപ്പർ താരത്തെ. താരം ഫോം തുടർന്നാൽ അത്‌ലറ്റിക്കോ മാഡ്രിഡ്‌ ഇരട്ടികരുത്തരാവും എന്ന കാര്യത്തിൽ സംശയമില്ല.

താരം യൂറോപ്പിലേക്ക് എത്തിയിട്ടിപ്പോൾ പതിനാലു സീസണുകൾ പിന്നിട്ടു. ഈ കാലയളവിൽ 612 മത്സരങ്ങളിൽ നിന്ന് 406 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. അതായത് ശരാശരി ഓരോ സീസണിലും 29 ഗോളുകൾ. 2006/07 സീസണിൽ ഡച്ച് ക്ലബായ ഗ്രോനിങ്കന് വേണ്ടി സുവാരസ് യൂറോപ്പിൽ കളിച്ചു തുടങ്ങുന്നത്. ഹോളണ്ടിലെ അരങ്ങേറ്റ സീസണിൽ തന്നെ താരം 37 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ കണ്ടെത്തി. ഫലമായി താരം അയാക്സിൽ എത്തി.

മൂന്നരവർഷമാണ് താരം അയാക്സിൽ തുടർന്നത്. ഈ കാലയളവിൽ 159 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. അതായത് ഓരോ സീസണിലും ശരാശരി 32 ഗോളുകൾ. ഈ മാരകഫോം താരത്തെ 2011-ൽ ലിവർപൂളിൽ എത്തിച്ചു. ആൻഫീൽഡിലും താരം മൂന്നര വർഷമാണ് ചിലവഴിച്ചത്. 133 മത്സരം കളിച്ച താരം പ്രീമിയർ ലീഗിൽ 82 ഗോളുകളാണ് അടിച്ചു കൂട്ടിയത്. 2013/14 സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിക്കൊണ്ട് ഗോൾഡൻ ഷൂ പുരസ്‌കാരം താരം സ്വന്തമാക്കി.

ഫലമോ 2014-ൽ താരം ബാഴ്സയിൽ എത്തി. ആറു സീസണുകളാണ് താരം ബാഴ്‌സയിൽ ചിലവഴിച്ചത്. 283 മത്സരങ്ങളിൽ നിന്ന് 198 ഗോളുകൾ താരം നേടിക്കഴിഞ്ഞു. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ടോപ് സ്കോറെർ ആവാൻ താരത്തിന് കഴിഞ്ഞു. 2015/16 സീസണിലാണ് താരം കത്തിജ്ജ്വലിച്ചത്. 53 മത്സരങ്ങളിൽ നിന്ന് 59 ഗോളുകൾ നേടിക്കൊണ്ട് താരം ഗോൾഡൻ ഷൂ ഒരിക്കൽ കൂടി നേടി. ഈ സീസണിൽ പരിക്ക് മൂലം ചില മത്സരങ്ങൾ നഷ്ടമായെങ്കിലും 36 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഓർക്കുക കഴിഞ്ഞ സീസണിലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ടോപ് സ്കോറെർ ആയ മൊറാറ്റ നേടിയത് 16 ഗോളുകൾ മാത്രമാണ്. ചുരുക്കത്തിൽ റയലും ബാഴ്സയും സുവാരസുള്ള അത്‌ലറ്റിക്കോയെ ഭയക്കണം എന്നർത്ഥം.

Rate this post