സുവാരസിന്റെ സ്ഥാനത്തേക്ക് ആളെ വേണം, ഫ്രഞ്ച് താരത്തെ പിന്തുടർന്ന് ബാഴ്‌സ.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ഉറുഗ്വൻ സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ബാഴ്സ വിട്ട് എതിരാളികളായ അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. താരത്തിന്റെ പകരക്കാരനെ ഇതുവരെ ബാഴ്സക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ലിയോൺ താരം മെംഫിസ് ഡീപേ, ഇന്റർ മിലാൻ താരം ലൗറ്ററോ മാർട്ടിനെസ് എന്നിവർ ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ തവണ ഉയർന്നു കേട്ട പേരുകൾ ആയിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

ഇപ്പോഴിതാ ആ സ്ഥാനത്തേക്ക് മറ്റൊരു സ്‌ട്രൈക്കറുടെ പേര് ഉയർന്നു കേൾക്കുകയാണിപ്പോൾ. ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ മാർക്കസ് തുറാമിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഫ്രഞ്ച് മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന താരത്തെ എത്തിച്ചാൽ ബാഴ്‌സയുടെ ഗോളടി ക്ഷാമത്തിന് പരിഹാരം കാണാൻ സാധിച്ചേക്കും എന്നാണ് കണക്കുകൂട്ടലുകൾ.

ഈ സീസണിൽ ഇതുവരെ മൂന്ന് ഗോളുകൾ നേടികഴിഞ്ഞു. അതിൽ രണ്ടെണ്ണം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയായിരുന്നു. കഴിഞ്ഞ സീസണിൽ പതിനാലു ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയ താരമാണ് തുറാം. എന്നാൽ ബാഴ്സക്ക് പുറമേ മറ്റു ചില ക്ലബുകളും താരത്തിന് പിന്നാലെയുണ്ട്. റയൽ മാഡ്രിഡ്‌, എസി മിലാൻ, യുവന്റസ് എന്നിവർ താരത്തെ പിന്തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.താരത്തിന്റെ പിതാവായ ലിലിയൻ മുമ്പ് ബാഴ്സക്കും യുവന്റസിനും വേണ്ടി കളിച്ച താരമാണ്.

മുപ്പത്തിരണ്ടു മില്യൺ യൂറോയോളമാണ് മോൺഷെൻഗ്ലാഡ്ബാഷ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഇതിഹാസപരിശീലകൻ വെങ്ങർ തിയറി ഹെൻറിയുമായി ഉപമിച്ച താരമാണ് തുറാം. നമ്പർ നയൺ പൊസിഷനിൽ അല്ലാതെ വിങ്ങുകളിൽ കളിക്കാനും താരത്തിന് സാധിക്കും. ഏതായാലും മറ്റു ക്ലബുകളും താരത്തിന് വേണ്ടി രംഗത്തുണ്ട് എന്നുള്ളത് ബാഴ്സക്ക് വെല്ലുവിളിയാണ്. മുമ്പ് മോൺഷെൻഗ്ലാഡ്ബാഷിൽ നിന്നായിരുന്നു ടെർസ്റ്റീഗനെ ബാഴ്‌സ റാഞ്ചിയത്.

Rate this post