സുവാരസിനു റൊണാൾഡോക്കൊപ്പം കളിക്കണ്ട, ലോകകപ്പ് നേടിയ താരത്തെ പകരമെത്തിക്കാൻ യുവന്റസ്

ഏറെ കൊട്ടിഘോഷിക്കപ്പെട്ട സുവാരസിന്റെ യുവന്റസ് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ അവസാനിക്കുന്നു. യുറുഗ്വയ് താരത്തിന് ഇറ്റാലിയൻ ക്ലബിലേക്കു ചേക്കേറാൻ താൽപര്യമില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഇതോടെ ടീം വിടുന്ന ഹിഗ്വയ്നു പകരക്കാരനായി ചെൽസിയുടെ ഫ്രഞ്ച് താരം ഒലിവർ ജിറൂദിനെയാണ് യുവന്റസ് നോട്ടമിടുന്നത്.

ട്രാൻസ്ഫർ എക്സ്പേർടായ ജിയാൻലൂക്ക ഡി മർസിയോയുടെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസിലേക്കു ചേക്കേറാൻ ജിറൂദ് സമ്മതമറിയിച്ചു കഴിഞ്ഞു. ചെൽസിയിൽ അവസരങ്ങൾ കുറവാകുമെന്നതു തന്നെയാണ് അതിനു കാരണം. ചെൽസിയുടെ സ്ട്രൈക്കർ പൊസിഷനിലേക്ക് ടിമോ വെർണർ, ടാമി എബ്രഹാം എന്നീ താരങ്ങളോട് മത്സരിച്ച് ടീമിലിടം നേടുക ജിറൂദിന് എളുപ്പമാകില്ല.

അതേ സമയം ഹിഗ്വയ്ൻ പോകുന്നതോടെ യുവന്റസിലെ സ്ട്രൈക്കർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിൽ സ്ഥിരമാകാൻ താരത്തിനു കഴിയും. ഇതു വഴി അടുത്ത വർഷം യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിലും ഇടം പിടിക്കാനാണ് ജിറൂദ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മെയിൽ ജിറൂദ് ചെൽസിയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടിരുന്നു. അതു കൊണ്ടു തന്നെ മുപ്പത്തിമൂന്നുകാരനായ താരത്തെ സ്വന്തമാക്കണമെങ്കിൽ യുവന്റസ് അഞ്ചു മില്യൺ യൂറോയോളം മുടക്കേണ്ടി വരും.

Rate this post