ഗോൾ നേട്ടത്തിൽ സുനിൽ ഛേത്രി ഇനി മെസ്സിക്കൊപ്പം , ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തൊട്ട് പുറകിൽ

അന്താരഷ്ട്ര തലത്തിൽ ഗോൾ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമെത്തി . ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഛേത്രി മെസ്സിക്കൊപ്പം എത്തിയത്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ഇരുവരും 80 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ മറികടന്നിരുന്നു. ഇന്ത്യക്കായി 124 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ സജീവ ഗോൾ സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ നിൽക്കുന്നത്. 115 ഗോളുകളോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. സുനിൽ ഛേത്രിയെ അന്താരാഷ്ട്ര ഗോളുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.ഇനി 84 ഗോളുള്ള പുസ്കസ്, 89 ഗോളുകൾ ഉള്ള മൊക്തർ ദഹരി, 109 ഗോൾ അടിച്ചിട്ടുള്ള ഇറാൻ ഇതിഹാസം അലി ദെ, പിന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഛേത്രിക്ക് മുന്നിൽ ഉള്ളത്.

ഇന്നലെ നടന്ന ഫൈനലിൽ നേപ്പാളിനെതിരെ ആദ്യപകുതിയിൽ ഇന്ത്യക്ക്‌ ലക്ഷ്യം കാണാനായില്ല. നാൽപ്പത്തൊമ്പതാം മിനിറ്റിൽ ഗോൾവന്നു. പ്രീതം കോട്ടലിന്റെ ക്രോസിൽ ഛേത്രിയുടെ ഒന്നാന്തരം ഹെഡർ. മൂന്ന്‌ മിനിറ്റിനുള്ളിൽ രണ്ടാമത്തെ ഗോളും പിറന്നു. സുരേഷ്‌ സിങ്‌ വാങ്‌ജം നേപ്പാൾ വല തകർത്തു. മുഹമ്മദ്‌ യാസിർ അവസരമൊരുക്കി. മലയാളി താരം സഹൽ അബ്‌ദുൾ സമദായിരുന്നു മൂന്നാംഗോൾ നേടിയത്‌. സുന്ദരമായ നീക്കത്തിലൂടെയായിരുന്നു സഹലിന്റെ തകർപ്പൻ ഗോൾ.പരിശീലകൻ ഇഗർ സ്‌റ്റിമച്ചിന്‌ കീഴിൽ ഇന്ത്യയുടെ ആദ്യ കിരീടമാണിത്‌. ടൂർണമെന്റിൽ ഛേത്രിയുടെ നാലാം ഗോളായിരുന്നു.

2004 മാർച്ച് 30ന് ഇന്ത്യക്കായി അണ്ടർ 20 ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി തൊട്ടടുത്ത വർഷം 2005 ജൂൺ മാസം 12 ന് പാകിസ്ഥാന് എതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തന്നെ തന്റെ ആദ്യ ഗോൾ നേടാനും ഛേത്രിക്ക് കഴിഞ്ഞു. അന്ന് തുടങ്ങിയതാണ് വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ്.2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.

അതിനിടയിൽ 37കാരനായ ഛേത്രി താൻ പെട്ടെന്ന് വിരമിക്കില്ല എന്ന് പറഞ്ഞു. ആരും ആശങ്കപ്പെടേണ്ടതില്ല എന്നും താൻ കുറച്ച് വർഷങ്ങൾ കൂടെ ഇവിടെ ഉണ്ടാകും എന്നും ഛേത്രി പറഞ്ഞു. താൻ ഇനിയും പത്തു വർഷം ഒന്നും ഉണ്ടാകില്ല പക്ഷെ പെട്ടെന്ന് വിരമിക്കില്ല. ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇപ്പോൾ താൻ നല്ല ആരോഗ്യവാൻ ആണെന്നും ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാൻ വേണ്ടി പരിശ്രമിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ എന്നും ഛേത്രി പറഞ്ഞു.

Rate this post