❝ഇന്ത്യൻ ഫുട്ബോളിനായി ജീവിതം സമർപ്പിച്ച ❝ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്❞ സുനിൽ ഛേത്രി|Sunil Chhetri

ഇന്ത്യൻ ഫുട്ബാളിൽ രണ്ടു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കണക്കാക്കപെടേണ്ടി വരും സുനിൽ ഛേത്രിക്ക് മുൻപും ഛേത്രി വന്നതിനു ശേഷവും.ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ ഉണർവും ഊർജ്ജവും പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. 2000 ത്തിനു ശേഷം സ്റ്റേഡിയത്തിൽ നിന്നും അകന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരെ മൈതാനത്തേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വഹിച്ച പങ്ക് വളരെ വലുതാണ്.

പലപ്പോഴും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പോയിട്ട് ടെലിവിഷന് മുൻപിൽ വരെ ആളുകൾ കാണാൻ ഉണ്ടായിരുന്നിട്ടില്ല. പക്ഷെ ഛേത്രി മുൻകയ്യെടുത്ത് ഇന്ത്യൻ ആരാധകരെ ടെലിവിഷന് മുന്പിലേക്കും സ്റ്റേഡിയത്തിലേക്കും കൊണ്ട് വന്നു. ഇന്ത്യൻ ഫുട്ബോളിൽനി മാറ്റിമറിക്കുന്ന ഒരു വിപ്ലവം തന്നെ ഛേത്രി കൊണ്ട് വന്നു എന്നത് തർക്കമില്ലാത്ത വിഷയമാണ്.

ലോകത്തിനു മുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ അംബാസഡറായി ഇന്ത്യൻ ക്യാപ്റ്റൻ മാറി. ബൂട്ടിയക്കും, വിജയനും ശേഷം ഇന്ത്യൻ കണ്ട ഏറ്റവും മികച്ച താരമായി ഛേത്രി വളർന്നു. ഒരു പക്ഷെ അവരെക്കാൾ ഉയരത്തിലാണ് ഇന്ത്യൻ ഫുട്ബോളിൽ ഛേത്രിയുടെ സ്ഥാനം. വിദേശ ലീഗുകളിൽ പോയി പന്ത് തട്ടിയ ഛേത്രി ആ പരിചയം ഇന്ത്യൻ യുവ താരങ്ങളെ വളർത്തുന്നതിനായി പരമാവധി ഉപയോഗിച്ചു. വളർന്നു വരുന്ന താരങ്ങൾക്ക് എന്നും മാതൃക തന്നെയായിരുന്നു ഛേത്രി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്തരാഷ്ട്ര മത്സരങ്ങളും ഗോളുകളും നേടിയ ഛേത്രി തന്റെ അന്തരാഷ്ട്ര കരിയർ ആരംഭിച്ചിട്ട് 17 വര്ഷം ആയിരിക്കുകയാണ്.

37 വയസ്സിലും ഇന്ത്യൻ ഫുട്ബോളിൽ പകരക്കാരനില്ലാതെ മുന്നേറുകയാണ് ഛേത്രി. കഴിഞ്ഞ ദിവസം എഎഫ്സി യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ ഫ്രീകിക്ക് ഗോൾ തന്നെ ഛേത്രിയുടെ മഹത്വം മനസ്സിലാക്കി കൊടുക്കും. കമ്പോഡിയക്കെതിരെ ആദ്യ മത്സരത്തിലും ഛേത്രി ഇരട്ട ഗോളുകൾ നേടിയിരുന്നു.83 ഗോളുമായി നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവരിൽ റൊണാൾഡോക്കും മെസ്സിക്കും പിന്നിലാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സ്ഥാനം.”17 വർഷമായി ദേശീയ ടീമിന്റെ കുപ്പായം ധരിക്കാൻ കഴിഞ്ഞത് വാക്കുകളിൽ വിശദീകരിക്കാൻ കഴിയാത്ത ഒരു ബഹുമതിയാണ്. ഹൃദയമിടിപ്പിൽ 17 തവണ കൂടി അത് ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്’ എന്നാണ് 17 വര്ഷം പൂർത്തിയതിനെക്കുറിച്ച് ഛേത്രി പറഞ്ഞത്.

ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്നി മൂന്നു വാക്കുകൾ മുന്നിൽ വെച്ച് ആരാണ് നിങ്ങളുടെ മനസ്സിൽ വരികയെന്ന് ഏതു ഇന്ത്യൻ ഫുട്ബോൾ ആരാധകനോട് ചോദിച്ചാലും ഏകകണ്ഠമായ ഉത്തരം സുനിൽ ഛേത്രി എന്നായിരിക്കും.ഒരു പതിറ്റാണ്ടിലേറെയായി സുനിൽ ഛേത്രി ഇന്ത്യൻ ടീമിനായി ഗോൾ സ്‌കോറിംഗ് തുടരുന്നുണ്ടെങ്കിലും 37 വയസ്സുകാരനായ ഇന്ത്യൻ ലെജൻഡ് തന്റെ കരിയറിലെ അവസാനത്തേക്ക് കടക്കുകയാണ. സുനിൽ ഛേത്രിക്ക് ശേഷം ആരാണ് ഇന്ത്യൻ ഫുട്ബോളിനെ മുന്നോട് നയിക്കുക, ആരായിരിക്കും ഛേത്രിക്ക് പകരക്കാരനായി എത്തുക എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ട സമയം ആയിരിക്കുന്നു.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും നേടിയ ഛേത്രി ബൂട്ടിയയുടെ 107 മത്സരങ്ങളുടെ റെക്കോർഡാണ് തകർത്തത്.ആറ് തവണ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്ലയെർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വിജയൻ മൂന്നു തവണയും , ജോ പോൾ അഞ്ചേരി ,ബൂട്ടിയ എന്നിവർ രണ്ടു തവണ വീതം നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി മൂന്നു ഹാറ്റ്‍ക്കും ഛേത്രി നേടിയിട്ടുണ്ട് . ഐ ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോററാണ് ഛേത്രി. നാല് ക്ലബ്ബുകൾക്ക് വേണ്ടി 90 ഗോളുകൾ താരം നേടിയിട്ടുണ്ട്. എഎ ഫ് സി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവും ഛേത്രിയാണ്.

2004 മാർച്ച് 30ന് ഇന്ത്യക്കായി അണ്ടർ 20 ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി തൊട്ടടുത്ത വർഷം 2005 ജൂൺ മാസം 12 ന് പാകിസ്ഥാന് എതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തന്നെ തന്റെ ആദ്യ ഗോൾ നേടാനും ഛേത്രിക്ക് കഴിഞ്ഞു. അന്ന് തുടങ്ങിയതാണ് വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ്. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ ഭാവി വികസിച്ചത്. 2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.

2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.ന്യൂ ഡൽഹിയിലെ സിറ്റി എഫ്‌സിയുമായി കളിച്ചതിന് ശേഷം ദേശീയ ഫുട്ബോൾ ലീഗിലെ മോഹൻ ബഗാനുമായി ഛേത്രി തന്റെ പ്രൊഫഷണൽ ഫുട്ബോൾ യാത്ര ആരംഭിച്ചു.

ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ ഉദ്യോഗസ്ഥനായ കെ. ബി. ഛേത്രി, തെലങ്കാനയിലെ സെക്കന്തരാബാദിൽ സുശീല ഛേത്രി എന്നിവരുടെ മകനായി 1984 ഓഗസ്റ്റ് 3 ന് സുനിൽ ഛേത്രി ജനിച്ചു.അച്ഛനും ഇന്ത്യൻ ആർമിയുടെ ടീമിനായി ഫുട്ബോൾ കളിച്ചു. അമ്മയും ഇരട്ട സഹോദരിമാരും നേപ്പാൾ വനിതാ ദേശീയ ടീമിനായി കളിച്ചു. ചെറിയ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ചെറുപ്പം മുതൽ തന്നെ ഛേത്രി ഫുട്ബോൾ കളിക്കാൻ തുടങ്ങി.