‘ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന സന്തോഷം നേടിയെന്ന് കരുതുന്നു’

ബെംഗളൂരു എഫ്‌സിക്കെതിരായ ഐ‌എസ്‌എൽ 2022-23 നോക്കൗട്ട് മത്സരത്തിൽ തെറ്റായ റഫറി തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കളി മതിയാക്കി പോയിരുന്നു. മത്സരത്തിൽ വിവാദ ഫ്രക്കിക്ക് ഗോൾ നേടിയ ബംഗളുരു താരം സുനിൽ ഛേത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു വരികയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നവർ സുനിൽ ഛേത്രിയുടെ കോലം വരെ കത്തിക്കുകയും ചെയ്തു. ഛേത്രിക്ക് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന് നേരേയും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിടുകയും ചെയ്തു. ഛേത്രിയുടെ ഭാര്യ സോനം ഭട്ടാചർജിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം ഉയർന്നു വരികയും ചെയ്തു.

‘ഫുട്ബാൾ, അഭിനിവേശം, പിന്തുണ എന്നിവക്കിടയിൽ പരസ്പരം ദയ കാണിക്കാനും മാന്യമായി പെരുമാറാനും നമ്മൾ എങ്ങനെ മറന്നു? സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പ് നിറഞ്ഞ കാര്യങ്ങൾ കുത്തിവെച്ചതോടെ നിങ്ങൾക്ക് കുടുംബത്തോടെ സമാധാനമായി ഇരിക്കാൻ സാധിക്കുന്നുണ്ടാകും. ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന സന്തോഷം നേടിയെന്ന് കരുതുന്നു. ഊഷ്മളതയും ആതിഥ്യമര്യാദയും അറിയുന്നവർ വസിക്കുന്ന മനോഹര സംസ്ഥാനമാണ്കേരളം. ഈ പ്രവർത്തി കണ്ടതുകൊണ്ടൊന്നും ആ ചിത്രം മാറില്ല. ഫൈനൽ വിസിൽ ഉയരുന്നതോടെ എല്ലാത്തിനും മുകളിലായി ദയയെ പ്രതിഷ്ഠിക്കുക” ആരാധകരുടെ വിമർശനത്തിനെതിരെ സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി.

ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്. മത്സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു എഫ്സി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

Rate this post