ഫ്രഞ്ച് താരങ്ങൾക്ക് വളരാൻ നല്ല വളക്കൂറുള്ള മണ്ണാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേത്. എറിക് കന്റോണ, തിയറി ഹെൻട്രി മുതൽ പോൾ പോഗ്ബ വരെ നിരവധി ഫ്രഞ്ച് താരങ്ങളാണ് പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ചത്. വേറിട്ട പ്രകടനം കൊണ്ട് പ്രീമിയർ ലീഗ് പവർഹൗസുകളിൽ നിന്ന് താൽപ്പര്യം ആകർഷിക്കുകയും ചെയ്ത നിരവധി ഫ്രഞ്ച് യുവാക്കൾ ഉണ്ട്. അവരിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു താരങ്ങളാണ് മൊണാക്കോ മിഡ്ഫീൽഡർ ഔറേലിയൻ ചൗമേനിയും ആർബി ലെപ്സിഗ് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവും.
യഥാക്രമം ഫ്രാൻസിലും ജർമ്മനിയിലും ശ്രദ്ധ പിടിച്ചുപറ്റിയ ഇവർ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും കൊതിപ്പിക്കുന്ന രണ്ട് പ്രതിഭകളാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ഇംഗ്ലീഷ് ഭീമൻമാരുമായുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, രണ്ടുപേരും ഫ്രാൻസിന്റെ ഭാവിയായി കണക്കാക്കപ്പെടുന്നു, അവർ പ്രീമിയർ ലീഗിൽ ഒരു കൊടുങ്കാറ്റായി വീശിയടിക്കാൻ തയ്യാറായി നിൽക്കുകയാണ്.
ഫ്രഞ്ച് ദേശീയ ടീമിലെ പോൾ പോഗ്ബയുടെ പിൻഗാമിയെന്നാണ് ചൗമേനിയെ വിശേഷിപ്പിക്കുന്നത്. പോഗ്ബ യുണൈറ്റഡ് വിടുകയായെങ്കിൽ പകരം മോണോക്കൻ താരം ഓൾഡ് ട്രാഫൊഡിലെത്തും. നേഷൻസ് ലീഗിൽ ഫ്രാൻസിനെ കിരീടമണിയിക്കുന്നതിൽ ചൗമേനി നിർണായക പങ്കു വഹിച്ചിട്ടുണ്ട്. നേഷൻസ് ലീഗിന് ശേഷം മൊണാക്കോ മിഡ്ഫീൽഡറെ യുണൈറ്റഡ് അവരുടെ റഡാറിൽ ചേർക്കുകയും ചെയ്തു.റയൽ മാഡ്രിഡ്, ചെൽസി തുടങ്ങിയ യൂറോപ്യൻ പവർഹൗസുകളും ചൗമേനിക്കായി നീക്കം നടത്തുന്നുണ്ട്.
ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളാണ് എൻകുങ്കു. 17 ഗെയിമുകളിൽ നിന്ന് 11 ഗോളുകളും ഏഴ് അസിസ്റ്റുകളും ഫ്രഞ്ച് താരം നേടി.ചാമ്പ്യൻസ് ലീഗിലെ എത്തിഹാദിൽ അസാധാരണമായ പ്രകടനമാണ് ഈ യുവതാരം പുറത്തെടുത്തത്, മാഞ്ചസ്റ്റർ സിറ്റിയോട് ആർബി ലെപ്സിഗിന്റെ 6-3 തോൽവിയിൽ ഹാട്രിക്ക് നേടുകയും ചെയ്തു എൻകുങ്കു. അഗ്യൂറോ പോയതോടെ മികച്ചൊരു സ്ട്രൈക്കറില്ലാതെ വലയുന്ന മാഞ്ചസ്റ്റർ സിറ്റി എൻകുങ്കുവിന്റെ സേവനങ്ങൾ ഏറ്റെടുക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ഇതിനകം അന്വേഷിച്ചിട്ടുണ്ടെന്നും റിപോർട്ടുകൾ പുറത്തു വന്നു.
ചാമ്പ്യൻസ് ലീഗിലെ ക്ലബ് ബ്രൂഗിനും പാരീസ് സെന്റ് ജെർമെയ്നും എതിരായ മത്സരങ്ങളിലും എൻകുങ്കു വലകുലുക്കി, നിലവിൽ ബുണ്ടസ്ലിഗയുടെ ഏഴാമത്തെ ടോപ് സ്കോററാണ് അദ്ദേഹം.റയൽ മാഡ്രിഡ്, യുവന്റസ്, പാരീസ് സെന്റ് ജെർമെയ്ൻ തുടങ്ങിയ ക്ലബ്ബുകളും താരത്തിന് പിന്നാലെയുണ്ട്.2019 ൽ ലെപ്സിഗിൽ ചേർന്ന എൻകുങ്കു 101 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്.