വലിയ പിഴവ് വരുത്തിയെങ്കിലും ഡി ഗിയയെ പിന്തുണച്ച് പരിശീലകൻ എറിക് ടെൻ ഹാഗ് |Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് വഴിവെച്ചത് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ വലിയ പിഴവായിരുന്നു.വളരെ എളുപ്പത്തിൽ തടയാൻ കഴിയുമായിരുന്ന ഷോട്ട് സേവ് ചെയ്യാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ വഴങ്ങിയതും തോൽവിയേറ്റു വാങ്ങിയതും. വെസ്റ്റ് ഹാമോനോട് എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.

എന്നാൽ മത്സരത്തിൽ വലിയ പിഴവ് വരുത്തിയെങ്കിലും ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു. തോൽവിയോടെ ഒരു കളി കൂടുതൽ കളിച്ച യുണൈറ്റഡ് ലിവർപൂളിന് മുകളിൽ ഒരു പോയിന്റിന് മുകളിൽ നാലാമതായി തുടരുന്നു.32 കാരനായ ഗോൾകീപ്പർ ക്ലബ്ബിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ടെൻ ഹാഗ് പറഞ്ഞു. സ്പാനിഷ് താരത്തിന്റെ കരാർ ഈ സമ്മറിൽ അവസാനിക്കും.

“ലീഗിലെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് ഡി ഗിയക്കാണ്, അതിനാൽ അദ്ദേഹമില്ലാതെ ഞങ്ങൾ ഈ സ്ഥാനത്ത് ഉണ്ടാകില്ല. എന്നിക്ക് അദ്ദേഹത്തിൽ നല്ല വിശ്വസമുണ്ട് ഒരു ആശങ്കയുമില്ല ” ടെൻ ഹാഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.“അത് സംഭവിക്കുന്നു, പക്ഷേ ഒരു ടീമെന്ന നിലയിൽ നിങ്ങൾ അത് കൈകാര്യം ചെയ്യണം, സ്വഭാവം കാണിക്കണം, പ്രതിരോധം കാണിക്കണം, തിരിച്ചുവരണം. ഡി ഗിയ തുടരാനും കരാർ നീട്ടാനും ഞങ്ങൾ ആഗ്രഹിക്കുന്നു” ടെൻ ഹാഗ് പറഞ്ഞു.

പ്രീമിയർ ലീഗിൽ പതിനഞ്ചാം സ്ഥാനത്തു നിൽക്കുന്ന വെസ്റ്റ് ഹാമിനോട് തോൽവി വഴങ്ങിയതോടെ നാല് മത്സരങ്ങൾ ലീഗിൽ ശേഷിക്കെ ടോപ് ഫോറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭീഷണി നേരിടാൻ തുടങ്ങി. ഇനിയുള്ള ഏതെങ്കിലും രണ്ടു മത്സരങ്ങളിൽ പോയിന്റ് നഷ്‌ടമായാൽ ലിവർപൂളിന് ടോപ് ഫോണിലേക്ക് കയറാൻ അവസരമുണ്ട്. സൈദ് ബെൻറാമയാണ് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഗോൾ നേടിയത്. ഇരുപത്തിയേഴാം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിങ്ങിൽ താരം ഒറ്റക്കാണ് ഗോളുമായി മുന്നോട്ടു പോയത്. തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം ശ്രമിക്കുന്നതിനു ബോക്‌സിന് പുറത്തു നിന്നും താരം ഷോട്ടുതിർത്തു. വളരെ ദുർബലമായി വന്ന ഷോട്ട് തടുക്കാൻ ഡി ഗിയക്ക് കഴിയുമായിരുനെങ്കിലും താരത്തിന് അതിനു കഴിഞ്ഞില്ല, കയ്യിൽ തട്ടി പന്ത് വലക്കകത്തേക്ക് കയറുകയായിരുന്നു.

“ഒന്നും മാറുന്നില്ല. ജയിച്ചിരുന്നെങ്കിൽ നമുക്ക് കാര്യങ്ങൾ എളുപ്പമാക്കാമായിരുന്നു, എന്നാൽ നാല് കളികളിൽ മൂന്ന് ജയം വേണം. എല്ലാം നമ്മുടെ കൈയിലാണ്. നമ്മൾ വിശ്വസിക്കണം” ലിവർപൂളിന്റെ ആറ് മത്സരങ്ങളിലെ തുടർച്ചയായ ജയം ടീമിനെ ബാധിച്ചോ എന്ന ചോദ്യത്തിന് ടെൻ ഹാഗ് പറഞ്ഞു.

Rate this post