താൻ ലിവർപൂളിൽ എത്താൻ കാരണം ആ രണ്ട് സൂപ്പർ താരങ്ങൾ, വെളിപ്പെടുത്തലുമായി തിയാഗോ.

കഴിഞ്ഞ ദിവസമാണ് സൂപ്പർ താരം തിയാഗോ അൽകാൻട്രയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ ആൻഫീൽഡിൽ എത്തിച്ചത്. 25 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ലിവർപൂൾ ബയേണിന് നൽകേണ്ടി വന്നത്. ഏഴ് വർഷക്കാലം ബയേണിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചതിനു ശേഷമാണ് തിയാഗോ ലിവർപൂളിലേക്ക് എത്തിയത്. നാലു വർഷത്തെ കരാറിൽ ആൻഫീൽഡിൽ എത്തിയ താരം ആറാം നമ്പർ ജേഴ്സിയാണ് അണിയുക.

താരത്തിന്റെ വരവ് ലിവർപൂളിനെ കൂടുതൽ ശക്തരാക്കും എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമുണ്ടാവില്ല.ഇപ്പോഴിതാ താൻ ലിവർപൂളിലേക്ക് വരാൻ കാരണക്കാരായ, തന്നോട് ലിവർപൂൾ തിരഞ്ഞെടുക്കാൻ പറഞ്ഞ രണ്ട് സൂപ്പർ താരങ്ങളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് തിയാഗോ. മറ്റാരുമല്ല സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയും മുൻ താരം സാബി അലോൺസോയുമാണ് താരത്തെ ലിവർപൂളിൽ എത്താൻ സഹായിച്ചത് എന്നാണ് തിയാഗോ പറഞ്ഞത്.ഈ ഇരുതാരങ്ങളും ലിവർപൂളിന് വേണ്ടിയും ബയേൺ മ്യൂണിക്കിന് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമിൽ തിയാഗോയും കൂട്ടീഞ്ഞോയും സഹതാരങ്ങൾ ആയിരുന്നു.

” ഈ കഴിഞ്ഞ വർഷവും അതിന് മുമ്പുള്ള വർഷങ്ങളിലും ലിവർപൂൾ എന്താണെന്ന് നമ്മൾ കണ്ടതാണ്. വളരെയധികം അത്ഭുതാവഹമായ പ്രകടനമാണ് അവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഓരോ വർഷവും അവർക്ക് കഴിയുന്ന പോലെ അവർ ഉയർന്നു വരികയാണ് ചെയ്യുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന പോലെയും ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പോലെയും ഞങ്ങൾ പ്രവർത്തിക്കും. കൂട്ടീഞ്ഞോയും സാബി അലോൺസോയെ പോലുള്ളവരുമാണ് എന്നെ ഈ തീരുമാനം എടുക്കാൻ സഹായിച്ചത്. തീർച്ചയായും ഇവിടെ എത്താനായതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ” തിയാഗോ ലിവർപൂളിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് പറഞ്ഞു.

ഒരു കൂട്ടം സൂപ്പർ താരങ്ങൾ അടങ്ങുന്ന മധ്യനിരയിലേക്ക് തിയാഗോയുടെ വരവ്. അതിനാൽ തന്നെ സ്ഥാനത്തിന് വേണ്ടി താരം പൊരുതേണ്ടി വരും. ജോർദാൻ ഹെന്റെഴ്സൺ, ഫാബിഞ്ഞോ, വൈനാൾഡം, നബി കെയ്റ്റ, ജെയിംസ് മിൽനർ, ചേംബർലൈൻ, ജോനസ് എന്നിവരുടെ ഇടയിലേക്കാണ് താരം വരുന്നത്. അതിനാൽ തന്നെ സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരം നടക്കുമെന്നുറപ്പാണ്.

Rate this post