തന്റെ സഹതാരങ്ങൾക്ക്‌ കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് നെയ്മർ ജൂനിയർ !

ഈ ആഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ആദ്യ മത്സരത്തിൽ യുണൈറ്റഡ് പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ച് കീഴടക്കിയിരുന്നു. 2-1 എന്ന സ്കോറിനായിരുന്നു അന്ന് പിഎസ്ജി തോൽവി അറിഞ്ഞത്. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫോർഡ് എന്നിവരായിരുന്നു ഗോളുകൾ നേടിയത്. ഇനി സ്വന്തം മൈതാനത്ത് വെച്ചാണ് യുണൈറ്റഡ് പിഎസ്ജിയെ നേരിടുക.

ഈ മത്സരത്തിന് മുന്നോടിയായി തന്റെ സഹതാരങ്ങൾക്ക്‌ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ.ഓരോ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ എന്നാണ് നെയ്മർ ടീം അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കനാൽ പ്ലസ് എന്ന ഫ്രഞ്ച് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നെയ്മർ. ഒരുപാട് കാര്യങ്ങളിൽ പിഎസ്ജി പുരോഗതി പ്രാപിക്കാനുണ്ടെന്നും ഒരു ടീം എന്ന നിലയിൽ കളിക്കാൻ പിഎസ്ജി ഒന്നുകൂടെ ശ്രദ്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” ഈ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ പ്രാധാന്യം ഞങ്ങൾക്ക്‌ എല്ലാവർക്കുമറിയാം. ഞങ്ങൾ ആർബി ലീപ്സിഗിനെതിരെ മികച്ച രീതിയിൽ അല്ല കളിച്ചിട്ടുള്ളത്. പക്ഷെ ഞങ്ങൾക്ക്‌ വിജയം നേടാനായി. ഇനി വരുന്ന മത്സരത്തിൽ ഞങ്ങൾ ഓരോരുത്തരും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യും. ഞങ്ങൾ ഒരുപാട് കാര്യങ്ങളിൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്. ടീം എന്ന നിലയിൽ കളിക്കുമ്പോൾ ഒന്ന് കൂടെ മെച്ചപ്പെടാനുണ്ട്, കൂടാതെ കൂടുതൽ ഓർഗനൈസ്ഡ് ആയി കളിക്കേണ്ടതുമുണ്ട്. അല്ലാത്ത പക്ഷെ മത്സരം ബുദ്ധിമുട്ടേറിയതാവും ” നെയ്മർ പറഞ്ഞു.

നിലവിൽ ഗ്രൂപ്പിൽ യുണൈറ്റഡ് ആണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് പോയിന്റാണ് ഉള്ളത്. ആറു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പിഎസ്ജി. ഇത്രയും പോയിന്റ് തന്നെയുള്ള ലീപ്സിഗ് മൂന്നാം സ്ഥാനത്തുണ്ട്. അതിനാൽ തന്നെ വിജയിച്ചില്ലെങ്കിൽ പിഎസ്ജിയുടെ കാര്യം കൂടുതൽ ഗുരുതരമാവും. കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ സമനില വഴങ്ങിക്കൊണ്ടാണ് പിഎസ്ജിയുടെ വരവ്.