അത് ഫേക്ക് ന്യൂസാണ് : പ്രതികരണവുമായി ഡി മരിയ

നിലവിൽ അർജന്റീനക്കൊപ്പം അന്താരാഷ്ട്ര ഡ്യൂട്ടിയിലാണ് സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയുള്ളത്. കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് വിജയിച്ച അർജന്റീന ഇനി അടുത്ത മത്സരത്തിൽ ജമൈക്കയെയാണ് നേരിടുക. ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഡി മരിയ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം കഴിഞ്ഞ ദിവസം അർജന്റൈൻ താരങ്ങളുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തേക്ക് വന്നിരുന്നു. അതായത് വേൾഡ് കപ്പിന് കൃത്യമായി തയ്യാറെടുക്കാൻ വേണ്ടി, വേൾഡ് കപ്പ് ബ്രേക്കിന് തൊട്ടു മുന്നേയുള്ള ക്ലബ്ബ് മത്സരങ്ങളിൽ നിന്നും ഒഴിവാക്കി തരാൻ വേണ്ടി അർജന്റൈൻ താരങ്ങൾ ക്ലബ്ബിനോട് അപേക്ഷിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.എന്നാൽ ഈ വിഷയത്തിൽ ഒരു ഔദ്യോഗികമായ സ്ഥിരീകരണമൊന്നും തന്നെ ലഭിച്ചിട്ടില്ലായിരുന്നു.

ഇതേ വാർത്ത തന്നെ യുവന്റസിന്റെ അർജന്റൈൻ സൂപ്പർതാരങ്ങളായ ഡി മരിയ, പരേഡസ് എന്നിവരെ ബന്ധപ്പെടുത്തിക്കൊണ്ട് ഉണ്ടായിരുന്നു. അതായത് ഡി മരിയയും പരേഡസും വേൾഡ് കപ്പിന് മുന്നേയുള്ള അവസാനത്തെ ക്ലബ്ബ് മത്സരം യുവന്റസിന് വേണ്ടി കളിക്കില്ല എന്നായിരുന്നു വാർത്ത.യുവെ സ്ട്രീം എന്നുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഈ വാർത്ത പങ്കുവെച്ചിരുന്നത്.

എന്നാൽ ഇതിനെ നിഷേധിച്ചുകൊണ്ട് ഇപ്പോൾ ഡി മരിയ തന്നെ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഈ വാർത്ത വ്യാജ വാർത്തയാണ് അഥവാ ഫേക്ക് ന്യൂസാണ് എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വാർത്തയെ താരം നിഷേധിച്ചിട്ടുള്ളത്.

തീർച്ചയായും അവസാന ക്ലബ്ബ് മത്സരത്തിൽ നിന്ന് അർജന്റൈൻ താരങ്ങൾക്ക് മാത്രം ഇളവ് നൽകാനുള്ള യാതൊരുവിധ സാധ്യതകളും നിലനിൽക്കുന്നില്ല എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഏതായാലും ഇത്തരത്തിലുള്ള നീക്കങ്ങൾ അർജന്റീന താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുമോ എന്നുള്ളത് അറിയേണ്ട കാര്യം തന്നെയാണ്.

Rate this post