കേരളം ബ്ലാസ്റ്റേഴ്സിന് സഹൽ അബ്ദുൽ സമ്മദിനെ നഷ്ടമാവുന്നു ,റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് താരം ക്ലബ് വിടും| Sahal Abdul Aamad

ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായാണ് മലയാളിയ സഹൽ അബ്ദുൽ സമദിനെ കണക്കാക്കുന്നത്. സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ബാറ്റൺ വഹിക്കാൻ കഴിവുള്ള താരമായാണ് പലരും സഹലിനെ കാണുന്നത്. സൗദി പ്രോ ലീഗിലെ ക്ലബ്ബുകൾ അടക്കം ഇന്ത്യൻ സൂപ്പർ ലീഗിലെ നിരവധി ക്ലബ്ബുകൾ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും ആഗ്രഹിക്കാത്ത വാർത്ത പുറത്ത് വന്നിരിക്കുകയാണ്.സഹൽ അബ്ദുൾ സമദ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി. താരത്തെ വിട്ടുനൽകാൻ ക്ലബ്ബ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ആറ് വർഷത്തെ കരിയറിന് ശേഷമാണ് സഹൽ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് സഹൽ പോകുന്നത്. ഇന്ത്യയിലെ റെക്കോർഡ് ട്രാൻസ്ഫർ ഫീ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ലഭിക്കുക. അടുത്ത ആഴ്ച്ച ഒഫീഷ്യൽ അനൗൺസ്മെന്റ് ഉണ്ടാവുമെന്ന് ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഒഡീഷ എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നി ക്ലബ്ബുകളും സഹലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.2017-ലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുന്നത്. . 2025 വരെ അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ ഐഎസ്എല്ലിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്.സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.26 കാരനായ സഹൽ അബ്ദുൾ സമദ് സമീപകാലത്ത് രാജ്യത്ത് നിന്ന് ഏറ്റവും ജനപ്രിയമായ ഫുട്ബോൾ പ്രതിഭകളിൽ ഒരാളാണ്.

തന്റെ രൂപീകരണ വർഷങ്ങളിൽ വിദേശത്ത് കളിച്ചിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹൽ.യുഎഇയിലെ അൽ ഇത്തിഹാദ് അക്കാദമിയിൽ നിന്നാണ് സഹൽ വളർന്നത്.അവിടെനിന്ന് അടിസ്ഥാന ഫുട്ബോൾ പാഠങ്ങൾ പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങി, പ്രാദേശിക തലത്തിലെ മികച്ച പ്രകടനം മൂലം സന്തോഷ് ട്രോഫിയിൽ അവസരം ലഭിച്ചു. സന്തോഷ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സഹലിനെ അവരുടെ ബി ടീമിലേക്ക് സൈൻ ചെയ്തു. അതിനുശേഷം സഹലിന്റെ ഉയർച്ച വളരെ വേഗത്തിൽ ആയിരുന്നു.

നിലവിൽ ഓസ്‌ട്രേലിയൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ റെനെ മൾസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരിക്കെ സീനിയർ അരങ്ങേറ്റം കുറിച്ചു.പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അത് ഡേവിഡ് ജെയിംസോ അല്ലെങ്കിൽ എൽകോ സറ്റോറിയിലൂടെ നിലവിലെ ഇവാൻ വുകുമാനോവിച്ചോ ആകട്ടെ – സഹൽ എല്ലാ പരിശീലകർക്കും വിശ്വസനീയമായ ആയുധമായി മാറിയിരിക്കുന്നു.അറ്റാക്കിംഗ് മിഡ്ഫീൽഡറായ സഹലിന് രണ്ടാമത്തെ സ്‌ട്രൈക്കറായി കളിക്കാനും വിംഗിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിയും. അത്തരമൊരു ബഹുമുഖ ഫുട്ബോൾ കളിക്കാരൻ ഏതൊരു ടീമിനും ഒരു മുതൽക്കൂട്ടാണ്.

കെബിഎഫ്‌സി ടീമിനായി 97 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 10 ഗോളുകൾ നേടിയിട്ടുണ്ട്.ദേശീയ ടീമിന്റെ അനിവാര്യ അംഗം കൂടിയാണ് അദ്ദേഹം. ബ്ലൂ ടൈഗേഴ്സിനായി 25 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 3 ഗോളുകളും നേടിയിട്ടുണ്ട്.

Rate this post