റയലിനെതിരായ ഇരട്ടഗോളുകളിൽ ലയണൽ മെസിയുടെ നേട്ടത്തിനൊപ്പമെത്തി അർജന്റീന താരം

മൊറോക്കോയിൽ വെച്ച് നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ വമ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സൗദി ക്ലബായ അൽ ഹിലാലിനെ തകർത്ത റയൽ മാഡ്രിഡ് ക്ലബിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ ക്ലബ് ലോകകപ്പ് കിരീടമാണ് സ്വന്തമാക്കിയത്. ഏറ്റവുമധികം ക്ലബ് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ടീമും റയൽ മാഡ്രിഡ് തന്നെയാണ്.

റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യസ് ജൂനിയറും ഫെഡറികോ വാൽവെർദെയും ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ കരിം ബെൻസിമയുടെ വകയായിരുന്നു. അതേസമയം റയൽ മാഡ്രിഡ് വിചാരിച്ചത്ര എളുപ്പത്തിൽ കീഴടങ്ങാൻ തയ്യാറല്ലാതിരുന്ന അൽ ഹിലാൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചപ്പോൾ അതിലെ രണ്ടു ഗോളുകൾ അർജന്റീന താരം ലൂസിയാനോ വിയേറ്റ സ്വന്തമാക്കി, ഒരു ഗോൾ മൂസ മരേഗോയുടെ വകയായിരുന്നു.

മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ലയണൽ മെസിക്ക് മാത്രം സ്വന്തമായുണ്ടായിരുന്ന ഒരു നേട്ടം വിയേറ്റ സ്വന്തമാക്കുകയുണ്ടായി. ഇതിനു മുൻപ് ക്ലബ് ലോകകപ്പ് ഫൈനലിൽ ഇരട്ടഗോൾ നേടിയ ഒരേയൊരു അർജന്റീന താരം ലയണൽ മെസിയായിരുന്നു. ഈ റെക്കോർഡാണ് അൽ ഹിലാൽ താരം സ്വന്തമാക്കിയത്. 2011ൽ സാന്റോസിനെതിരെയായിരുന്നു മെസിയുടെ ഇരട്ടഗോൾ നേട്ടം.

മത്സരത്തിൽ പിറന്ന എട്ടു ഗോളുകളിൽ ആറെണ്ണവും നേടിയത് സൗത്ത് അമേരിക്കൻ താരങ്ങളായ വിനീഷ്യസ്, വാൽവെർദെ, വിയേറ്റ എന്നിവരാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഈ മൂന്നു താരങ്ങൾ തന്നെയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. വിനീഷ്യസ് ആദ്യസ്ഥാനം നേടിയപ്പോൾ വാൽവെർദെ, വിയേറ്റ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളാണ് സ്വന്തമാക്കിയത്.

ചരിത്രത്തിൽ ആദ്യമായാണ് അൽ ഹിലാൽ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 2020ലാണ് വിയേറ്റ സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നത്. അതിനു മുൻപ് അത്ലറ്റികോ മാഡ്രിഡ്, സ്പോർട്ടിങ്, ഫുൾഹാം, വിയ്യാറയൽ, സെവിയ്യ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയെല്ലാം താരം കളിച്ചിട്ടുണ്ട്.

Rate this post