ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അനായാസം വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന അർജന്റീനയെ വിറപ്പിച്ച് ഫ്രാൻസ് കീഴടങ്ങിയപ്പോൾ അതിനു ചുക്കാൻ പിടിച്ചത് ഈംബാപ്പയായിരുന്നു. അർജന്റീന ഓരോ തവണ മുന്നിലെത്തിയപ്പോഴും അതിനു തിരിച്ചടികൾ നൽകിയ എംബാപ്പെ ഫൈനലിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയെങ്കിലും ഫ്രാൻസ് ഷൂട്ടൗട്ടിൽ കീഴടങ്ങി.
അനായാസമായി വിജയിക്കേണ്ട ലോകകപ്പ് ഫൈനലിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയതിനാൽ തന്നെ അർജന്റീന ആരാധകർക്ക് എംബാപ്പയോട് വളരെ അപ്രീതിയുണ്ട്. ലോകകപ്പിന് ശേഷം അർജന്റീന ടീമിലെ ചില താരങ്ങളും ആരാധകരിൽ ഒരു വിഭാഗവും എംബാപ്പെയെ തിരഞ്ഞു പിടിച്ച് കളിയാക്കിയതും അതുകൊണ്ടു തന്നെയാണെന്നാണ് വിലയിരുത്താൻ കഴിയുക.
എംബാപ്പയോടുള്ള അർജന്റീന ആരാധകരുടെ അതൃപ്‌തിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് അവിടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാത്തതിനാൽ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല. ഇതിനു പുറമെ താരത്തെ പിഎസ്‌ജി ആരാധകർ കൂക്കി വിളിച്ച് എംബാപ്പെക്ക് കൂടുതൽ പിന്തുണ നൽകുന്നത് അർജന്റീന ആരാധകരിൽ അതൃപ്‌തി ഉണ്ടാക്കുന്നുണ്ട്.
തമാശരൂപത്തിലാണ് പറഞ്ഞതെങ്കിലും എംബാപ്പെയോടുള്ള അതൃപ്‌തി കൃത്യമായി വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം അർജന്റീന താരമായ ഫാക്കുണ്ടോ മെദിന നടത്തിയ പ്രതികരണം. എംബാപ്പയും മെസിയും തന്നെ മറികടന്നു പോയാൽ മെസിയുടെ ഷർട്ടിൽ പിടിച്ചു വലിക്കുമെന്നും, എന്നാൽ എംബാപ്പെയാണെങ്കിൽ താരത്തെ ആംബുലൻസിൽ കൊണ്ടു പോകേണ്ടി വരുമെന്നുമാണ് മെദിന പറഞ്ഞത്.
Facundo Medina: “If Messi gets past me next week, I’ll grab him with the shirt. If Mbappé gets past me, they will take him with an ambulance [laughs]” @son_aviones 🗣️🇦🇷 pic.twitter.com/5wFQL67BO2
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 10, 2023
ഫ്രഞ്ച് ലീഗിൽ ലെൻസിന്റെ താരമാണ് ഫാക്കുണ്ടോ മെദിന. നിരവധി തവണ മെസിയും എംബാപ്പയുമുള്ള പിഎസ്‌ജിക്കെതിരെ താരം കളിച്ചിട്ടുമുണ്ട്. അതേസമയം ഇരുപത്തിമൂന്നുകാരനായ താരം ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നില്ല. അർജന്റീന അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി കളിച്ചിട്ടുള്ള താരം സീനിയർ ടീമിന് വേണ്ടിയും രണ്ടു മത്സരത്തിൽ ഇറങ്ങിയിട്ടുണ്ട്.ലീഗ് 1 ൽ ഏപ്രിൽ 16 നടക്കുന്ന മത്സരത്തിൽ പിഎസ്ജിയും ലെൻസും നേർക്ക് നേർ ഏറ്റുമുട്ടും.