മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ബ്രസീലിയൻ താരം അൽ നസ്റിലേക്ക് ചേക്കേറുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ മറ്റൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെക്കൂടി സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. ക്ലബിനെതിരെ വിമർശനം നടത്തിയതിനെ തുടർന്ന് കരാർ റദ്ദാക്കപ്പെട്ട റൊണാൾഡോ ഖത്തർ ലോകകപ്പിന് ശേഷമാണ് ലോകറെക്കോർഡ് തുകയുടെ കരാറിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റിന്റെ താരമായത്.

റൊണാൾഡോക്ക് ശേഷം നിരവധി താരങ്ങളെ സൗദിയിലെ വിവിധ ക്ലബുകൾ സ്വന്തമാക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ തീരെയില്ലാതെയായ ബ്രസീലിയൻ ലെറ്റ് ബാക്ക് അലക്‌സ് ടെല്ലസിനെയാണ് അൽ നസ്ർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. നിലവിൽ സെവിയ്യയിൽ ലോണിൽ കളിച്ചു കൊണ്ടിരിക്കുകയാണ് ടെല്ലസ്.

ലൂക്ക് ഷാക്ക് ബാക്കപ്പായി ടൈറൽ മലാസിയ വന്നതോടെയാണ് അലക്‌സിസ് ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തു പോകുന്നത്. ഈ താരങ്ങൾക്ക് പുറമെ ബ്രെണ്ടൻ വില്യംസിനെയും എറിക് ടെൻ ഹാഗിന് ഉപയോഗിക്കാമെന്നതിനാൽ ലോണിൽ നിന്നും തിരിച്ചു വന്നാലും താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള സാധ്യത ഒട്ടും തന്നെയില്ല.

എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ടെല്ലസിനെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള താൽപര്യം അൽ നസ്ർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. 2020ൽ പോർട്ടോയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ താരത്തിനു ഒരു വർഷം കൂടി ക്ലബുമായി കരാറുണ്ട്. ആഴ്ചയിൽ ഒരു ലക്ഷം പൗണ്ട് പ്രതിഫലമായി വാങ്ങുന്ന താരത്തെ സ്വന്തമാക്കാൻ മറ്റു ക്ലബുകളൊന്നും ഇതുവരെ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.

എന്നാൽ താരത്തിന്റെ പ്രതിഫലം അൽ നസ്റിന് ഒരു പ്രശ്‌നമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം ഈ സീസണിൽ യൂറോപ്പ ലീഗ് സെമിയിലെത്തി സെവിയ്യക്കൊപ്പം കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് ടെല്ലസ്. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ താരം ഉണ്ടായിരുന്നെങ്കിലും ആകെ ഒരു മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്.

Rate this post
Manchester United