കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് പിന്നിലെ കാരണങ്ങൾ വ്യകതമാക്കി പരിശീലകൻ |Kerala Blasters
ഐഎസ്എല്ലിൽ പതിനെട്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഗോളിന് വിജയം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. മത്സരത്തിൽ ബെംഗളൂരു താരം റോയ് കൃഷ്ണയാണ് വിജയഗോൾ നേടിയത്. ബെംഗളുരുവിന്റെ തുടർച്ചയായ ആറാം വിജയമായിതു മാറുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏഴാം തോൽവിയാണിത്. അതിൽ അഞ്ചു തോൽവികളും എവേ മത്സരങ്ങളിൽ നിന്നായിരുന്നു.
ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫ് ഉറപ്പിക്കാമായിരുന്നു.മത്സരത്തിന് ശേഷം ടീമിന്റെ തോൽവിയുടെ കാരണത്തെക്കുറിച്ച് പരിശീലകനായ ഇവാൻ വുകോമനോവിച്ച് വെളിപ്പെടുത്തുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചുവെന്നും മത്സരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചുവെന്നും പറഞ്ഞ അദ്ദേഹം ഫൈനൽ തേർഡിൽ ടീം അവസരങ്ങൾ സൃഷ്‌ടിച്ചുവെന്നും പറഞ്ഞു. എന്നാൽ ഗോളുകൾ നേടാൻ നിർണായകമായ ഫൈനൽ ടച്ച് ടീമിനില്ലാതെ പോയതാണ് മത്സരത്തിൽ തോൽവി വഴങ്ങാൻ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
ബുദ്ധിമുട്ടുള്ള ഡിഫെൻസിനെതിരെ പിച്ചിൽ തങ്ങളുടെ ജോലി ചെയ്ത തന്റെ കളിക്കാരെക്കുറിച്ച് തോൽവിയ്ക്കിടയിലും വുകോമാനോവിച്ച് അഭിമാനിക്കുന്നു. “ഞങ്ങൾ റിസ്ക് എടുക്കണം, അങ്ങനെയാണ് ഫുട്ബോൾ പ്രവർത്തിക്കുന്നത്. ഇന്ന് എന്റെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവച്ചു, പരിശീലകനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു കടുപ്പമേറിയ കളിയായിരുന്നു, ബെംഗളൂരു എഫ്‌സി ഒരു മികച്ച ടീമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തോടെ പതിനെട്ടു മത്സരങ്ങളിൽ നിന്നായി ഇരുപത്തിയെട്ടു പോയിന്റുകൾ സ്വന്തമാക്കിയ ബെംഗളൂരു എഫ്‌സി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. പതിനെട്ടു മത്സരങ്ങളിൽ നിന്ന് മുപ്പത്തിയൊന്ന് പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തു തുടരുന്നു.ഫെബ്രുവരി പതിനെട്ടിന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും.