സൗദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗം ആരംഭിച്ചു, മറ്റൊരു നേട്ടം കൂടി താരത്തിന് സ്വന്തം

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ആരാധകരിൽ പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനം നടത്തിയതിനെ തുടർന്ന് ക്ലബ് കരാർ റദ്ദാക്കിയതിന്റെ ഭാഗമായാണ് റൊണാൾഡോ ലോകകപ്പിന് ശേഷം മറ്റൊരു ക്ലബിലെത്തിയത്. യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഒടുവിൽ വമ്പൻ തുക പ്രതിഫലം വാങ്ങി താരം അൽ നസ്‌റിലെത്തി.

അൽ നസ്‌റിലെത്തിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് യൂറോപ്പിലെ നിരവധി റെക്കോർഡുകൾ തകർത്തു കളഞ്ഞ തനിക്ക് ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ സ്വന്തമാക്കണമെന്നാണ്. സൗദിയിൽ എത്തിയത് ജനുവരിയിലാണെങ്കിലും ഓരോ റെക്കോർഡുകളും സ്വന്തം പേരിലാക്കുന്നതിന്റെ പാതയിലാണ് താനെന്ന് റൊണാൾഡോ തെളിയിച്ചു കഴിഞ്ഞു. അത്രയും മികച്ച ഫോമിലാണ് റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.

സൗദി ക്ലബിനായി ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ആർക്കും തൊടാൻ കഴിയാത്തത്ര ഫോമിലാണ് റൊണാൾഡോ കുതിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന നാല് മത്സരങ്ങളിൽ എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഇതിൽ രണ്ടു ഹാട്രിക്കുകളും ഉൾപ്പെടുന്നു. ഇതിനു പിന്നാലെ സൗദി പ്രൊഫെഷണൽ ലീഗിൽ ഫെബ്രുവരി മാസത്തിലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിട്ടുണ്ട്.

ഫെബ്രുവരിയിൽ മാത്രം എട്ടു ഗോളുകൾ നേടിയ റൊണാൾഡോ സൗദി ലീഗിലെ ടോപ് സ്‌കോറർ ടേബിളിൽ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ജനുവരിയിൽ ടീമിലെത്തിയ താരം അഞ്ചു മത്സരങ്ങൾ കളിച്ചപ്പോഴേക്കും നാലാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. ഇതേ ഫോമിൽ തുടർന്നാൽ നിലവിൽ ലീഗിലെ ടോപ് സ്കോററായ ടാലിസ്‌കയെ റൊണാൾഡോയെ മറികടക്കാൻ അധികം വൈകില്ല. അങ്ങിനെ സംഭവിച്ചാൽ സീസണിന്റെ പകുതിയിൽ ടീമിലെത്തിയ താരം ടോപ് സ്കോററാവുകയെന്ന അപൂർവമായ കാര്യമാകും സംഭവിക്കുക.

Rate this post