❛റഫറി ബാഴ്സലോണക്ക് വേണ്ടി കളിച്ചു❜ യൂറോപ്പ ലീഗിൽ ബാഴ്സലോണ താരത്തിന് അർഹിച്ച ചുവപ്പുകാർഡ് നൽകിയില്ല എന്ന് വിമർശനം

യൂറോപ്പ ലീഗ് പ്ലേ ഓഫിൽ കഴിഞ്ഞ ദിവസം ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരം ആരാധകർക്ക് വിരുന്നായിരുന്നു. രണ്ടു ടീമുകളും ആക്രമണ ഫുട്ബോൾ കളിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. ബാഴ്‌സലോണ മുന്നിലെത്തിയ മത്സരത്തിൽ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തെങ്കിലും ഒടുവിൽ രണ്ടു ടീമുകളും രണ്ടു വീതം ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന് ശേഷം റഫറിയുടെ തീരുമാനങ്ങളിൽ വിവാദങ്ങൾ ഉയരുന്നുണ്ട്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ പന്തുമായി മുന്നേറിയ മാർക്കസ് റാഷ്‌ഫോഡിനെ ഫ്രഞ്ച് പ്രതിരോധതാരമായ ജൂൾസ് കൂണ്ടെ ഫൗൾ ചെയ്‌തിരുന്നു. ബോക്‌സിനു തൊട്ടു വെളിയിൽ വെച്ച് നടന്ന ഈ ഫൗളിന് താരം ചുവപ്പുകാർഡ് അർഹിച്ചിരുന്നെങ്കിലും റഫറി അത് പരിഗണിച്ചില്ലെന്നാണ് മത്സരത്തിന് ശേഷം റാഷ്‌ഫോഡും ടെൻ ഹാഗും പറഞ്ഞത്.

മത്സരത്തിൽ നിർണായകമായ നിമിഷമായിരുന്നു അതെന്നും ഞാൻ എന്തുകൊണ്ടാണ് വീണതെന്ന് റഫറിയും ലൈൻസ്‌മാനും ആലോചിക്കുക പോലും ചെയ്‌തിട്ടില്ലെന്നും റാഷ്‌ഫോഡ് പറഞ്ഞു. പന്തുമായി മുന്നേറുമ്പോൾ താരം തന്നെ ഫൗൾ ചെയ്‌തുവെന്ന കാര്യം നൂറു ശതമാനം ഉറപ്പാണെന്നു പറഞ്ഞ റാഷ്‌ഫോഡ് അത് പെനാൽട്ടിയല്ലെന്നും കൂട്ടിച്ചേർത്തു. ഇത് പറയുമ്പോൾ അതിന്റെ ദൃശ്യങ്ങൾ താൻ വീണ്ടും കണ്ടിട്ടില്ലെന്നും താരം വെളിപ്പെടുത്തി.

അതേസമയം കൂടുതൽ രൂക്ഷമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പ്രതികരിച്ചത്. അത് ബോക്‌സിന്റെ ഉള്ളിൽ നിന്നാണോ പുറത്തു നിന്നാണോ എന്ന കാര്യം പിന്നീട് വരുന്നതാണെന്നും റെഡ് കാർഡ് അർഹിക്കുന്ന ഫൗളാണ് കൂണ്ടെ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. റഫറിമാർ കൃത്യമായ പൊസിഷനിൽ ആയിരുന്നിട്ടു കൂടി അത് നൽകാതിരുന്നത് തെറ്റാണെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ മാർക്കോസ് അലോൺസോ നേടിയ ഗോളിൽ മുന്നിലെത്തിയ ബാഴ്‌സലോണക്കെതിരെ മാർക്കസ് റാഷ്‌ഫോഡ് നേടിയ ഗോളും കൂണ്ടെ നേടിയ സെൽഫ് ഗോളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. എന്നാൽ അതിനു ശേഷം റാഫിന്യ നേടിയ ഗോളിൽ ബാഴ്‌സലോണ സമനില നേടി. ബാഴ്‌സലോണയുടെ മൈതാനത്താണ് ആദ്യപാദം നടന്നതെന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് മുൻതൂക്കമുള്ളത്.

Rate this post
Manchester United