ഛേത്രിയോടല്ല തീരുമാനം ചോദിക്കേണ്ടത്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ബ്രസീലിൽ നിന്നും പിന്തുണ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിലെ വിവാദസംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപ് റഫറിയുടെ നിർദ്ദേശം ലഭിച്ചതു കൊണ്ട് ബെംഗളൂരു താരം സുനിൽ ഛേത്രി കിക്കെടുക്കുകയും അത് ഗോളാക്കി മാറ്റുകയുമായിരുന്നു.

ബെംഗളൂരു താരങ്ങൾ പോലും അമ്പരന്നു പോയ ആ ഗോൾ റഫറി അനുവദിച്ചതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായി. അതിനു പിന്നാലെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തന്റെ താരങ്ങളെ മൈതാനത്തു നിന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പിൻവലിക്കുകയുണ്ടായി. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം ബഹിഷ്‌കരിച്ചതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്‌തു.

വുകോമനോവിച്ച് എടുത്ത തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തു വന്നിരുന്നു. അതേസമയം മുൻ ഇന്ത്യൻ സൂപ്പർ ലീഗ് താരവും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയങ്കരനുമായ മാഴ്‌സലിന്യോ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. റഫറിയുടെ തീരുമാനം പൂർണമായും തെറ്റാണെന്നാണ് താരം പറയുന്നത്.

“ആ ഫൗൾ നൽകിയത് ന്യായമായിരുന്നു. എന്നാൽ കിക്കെടുക്കാൻ പോകുന്ന കളിക്കാരനായി റഫറി ആശയവിനിമയം നടത്തിയതു മുതൽ ചോദ്യങ്ങൾ നേരിടേണ്ട കാര്യമാണ്. പ്രതിരോധമതിൽ ഒരുക്കാൻ പോവുകയാണെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. അല്ലാതെ കിക്കെടുക്കാൻ പോകുന്ന കളിക്കാരനോടല്ല തീരുമാനം എടുക്കാൻ ആവശ്യപ്പെടേണ്ടത്.” മാഴ്‌സലിന്യോ ട്വിറ്ററിൽ പറഞ്ഞു.

സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം റഫറിയുടെ തീരുമാനം തെറ്റാണെന്നും മത്സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐഎഫ്എഫിനാണ് പരാതി നൽകിയിരിക്കുന്നത്.

4.9/5 - (60 votes)