ആരാധകൻ കുഴഞ്ഞു വീണു,ഉടൻ ഇടപെട്ട് രക്ഷകനായി അർജന്റൈൻ ഗോൾകീപ്പർ ലെഡസ്മ, കയ്യടിച്ച് ഫുട്ബോൾ ലോകം

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയത്.റോബർട്ട് ലെവന്റോസ്ക്കി,ഡി ജോങ്,ഫാറ്റി,ഡെമ്പലെ എന്നിവരായിരുന്നു ബാഴ്സയുടെ ഗോളുകൾ നേടിയത്.ലെവന്റോസ്ക്കി രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ ഈ മത്സരത്തിലെ വിജയത്തേക്കാളേറെ ചർച്ച ചെയ്യപ്പെട്ടത് ഈ മത്സരത്തിലെ ഒരു സംഭവമായിരുന്നു. അതായത് രണ്ടാം പകുതിയുടെ അവസാനത്തിൽ മത്സരത്തിനിടെ ഒരു കാഡിസ് ആരാധകൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കാഡിസിന്റെ അർജന്റൈൻ ഗോൾകീപ്പറായ ലെഡസ്മ ഒരു നിമിഷം പോലും പാഴാക്കാതെ ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു.

ഉടൻ തന്നെ ലെഡസ്മ ടീമിന്റെ മെഡിക്കൽ കിറ്റ് എടുത്തുകൊണ്ട് ആരാധകർക്ക് നൽകുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ മത്സരം നിർത്തി വെക്കുകയും ചെയ്തു. പിന്നീട് ആരാധകന്റെ ചികിത്സയിലാണ് ശ്രദ്ധ നൽകിയത്. ഇരു ടീമിനെയും ടീം ഡോക്ടർമാർ ആ ആരാധകനെ ചികിത്സിച്ചു. ഹൃദയാഘാതമാണ് ഉണ്ടായത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പിന്നീട് അദ്ദേഹത്തെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

ഏകദേശം 15 മിനിറ്റോളമാണ് മത്സരം നിർത്തിവെക്കേണ്ടിവന്നത്. ഏതായാലും ആ ആരാധകന് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല എന്നുള്ളത് കാഡിസ് പ്രസിഡന്റ് ലോക ഫുട്ബോളിനെ അറിയിച്ചിട്ടുണ്ട്. ഇതിൽ വിരോചിത ഇടപെടൽ നടത്തിയ ഗോൾകീപ്പർ ലെഡസ്മയെ ഫുട്ബോൾ ആരാധകർ എല്ലാവരും പ്രശംസിച്ചിട്ടുണ്ട്. എന്തിനേക്കാളും ജീവന് തന്നെയാണ് വിലകൽപ്പിക്കുന്നത് എന്ന സന്ദേശമാണ് ഇവിടെ ഉയരുന്നത്.

നിലവിൽ ഈ ആരാധകൻ ഹോസ്പിറ്റലിൽ തന്നെയാണുള്ളത്. കൂടുതൽ പരിശോധനകൾ അദ്ദേഹത്തിന്റെ കാര്യത്തിൽ നടത്തും. ബാഴ്സ താരങ്ങളൊക്കെ അദ്ദേഹത്തിന് വേഗത്തിലുള്ള റിക്കവറി നേർന്നിട്ടുണ്ട്.അൻസു ഫാറ്റി അദ്ദേഹത്തിന്റെ ഗോൾ ആ ആരാധകനാണ് സമർപ്പിച്ചിട്ടുള്ളത്. ഏതായാലും ലെഡസ്മയുടെയും ഇരുടീമിന്റെയും സന്ദർഭോചിതമായ ഇടപെടലുകൾ ഏറെ കയ്യടികൾ നേടിയിട്ടുണ്ട്.

Rate this post
Fc Barcelona