പിഎസ്ജിയിലെ ആദരിക്കൽ വിവാദം, അത്തരം കാര്യങ്ങളൊന്നും താൻ ഇഷ്ടപ്പെടുന്നില്ലെന്ന് തുറന്നുപറഞ്ഞ് മെസ്സി

ഖത്തർ വേൾഡ് കപ്പിൽ അസാധാരണമായ പ്രകടനം നടത്തിക്കൊണ്ട് തന്റെ രാജ്യമായ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ലോകകിരീടം നേടിയിരുന്നത്.

ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി തങ്ങളുടെ ട്രെയിനിങ് സെന്ററിൽ വച്ച് ഗാർഡ് ഓഫ് ഹോണർ നൽകിക്കൊണ്ട് ആദരിക്കുകയായിരുന്നു. എന്നാൽ പാർക്ക് ഡെസ് പ്രിൻസസിലെ സ്വന്തം ആരാധകർക്ക് മുന്നിൽ മെസ്സിയെ ആദരിക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല.ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് കിരീടം നേടിയത് എന്ന കാരണത്താലും ആരാധകരുടെ റിയാക്ഷൻ മുൻനിർത്തിയുമാണ് പിഎസ്ജി മെസ്സിക്ക് സ്വന്തം മൈതാനത്ത് ആദരവ് നൽകാൻ വിസമ്മതിച്ചത്.

ഇതേക്കുറിച്ച് ലിയോ മെസ്സിയോട് ഡയാരിയോ ഒലെയുടെ ഇന്റർവ്യൂവിൽ ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും താൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ആളുകളുടെ ശ്രദ്ധ കേന്ദ്രമാവാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അതൊക്കെ തനിക്ക് ലജ്ജയുണ്ടാക്കുന്ന കാര്യമാണ് എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ആളുകളുടെ ഇടയിൽ അറ്റൻഷൻ ലഭിക്കാൻ മെസ്സി ആഗ്രഹിക്കുന്നില്ല.

‘ഇത്തരം ആദരിക്കുന്ന ചടങ്ങുകൾ ഒന്നും തന്നെ യഥാർത്ഥത്തിൽ ഞാൻ ഇഷ്ടപ്പെടുന്നില്ല.എന്നിരുന്നാൽ പോലും ഗാർഡ് ഓഫ് ഓണർ നൽകിയത് മികച്ച അനുഭവമായിരുന്നു.ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റുന്നത് എനിക്ക് ലജ്ജയുള്ള ഒരു കാര്യമാണ്.അതുകൊണ്ടുതന്നെ ഇത്തരം ചടങ്ങുകൾ ഒന്നും ഞാൻ ഇഷ്ടപ്പെടാറില്ല. പക്ഷേ പാരീസിലുള്ള എല്ലാവരും വേൾഡ് കപ്പ് കിരീടനേട്ടത്തിലൂടെ തിരിച്ചറിയുന്നു എന്നുള്ളത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് ‘മെസ്സി അഭിമുഖത്തിൽ പറഞ്ഞു.

ഒരല്പം ഇൻട്രോവേർട്ട് ആയിട്ടുള്ള വ്യക്തിയാണ് മെസ്സി എന്നുള്ളത് നേരത്തെ തന്നെ ലോകം ചർച്ച ചെയ്യുന്ന കാര്യമാണ്.എന്നിരുന്നാൽ പോലും കഴിഞ്ഞ വേൾഡ് കപ്പിൽ ഒരല്പം വ്യത്യസ്തനായ മെസ്സിയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.പ്രത്യേകിച്ച് നെതർലാന്റ്സിനെതിരെയുള്ള ആ മത്സരത്തിലൊക്കെ അത് വളരെയധികം പ്രകടമാവുകയും ചെയ്തിരുന്നു.