ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മാഗ്വയറിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകൻ വരെയായിരുന്നെങ്കിലും കളിക്കളത്തിൽ തുടർച്ചയായി വരുത്തുന്ന പിഴവുകളുടെ പേരിൽ ക്രൂശിതനായ താരമാണ് ഹാരി മാഗ്വയർ. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങൾ എത്തിയതോടെ അവസരങ്ങൾ നഷ്‌ടമായ മഗ്വയറിപ്പോൾ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാറില്ല. അവസരങ്ങൾ കുറയുന്നതിൽ താരത്തിന് അതൃപ്‌തിയുമുണ്ട്.

ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഹാരി മഗ്വയറിനു മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ഓഫർ ലഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ മുൻനിര ക്ലബായ ഇന്റർ മിലാനാണ് താരത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതു വരെയുള്ള ലോൺ കരാറിലാണ് ഇംഗ്ലണ്ട് പ്രതിരോധതാരത്തെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്,.

ഹാരി മഗ്വയറിനു വേണ്ടി ഇന്റർ മിലാൻ നടത്തുന്ന ശ്രമം പിഎസ്‌ജി ആരാധകർക്കാണ് പ്രതീക്ഷ നൽകുന്നത്. ഇന്റർ മിലൻറെ സ്ലോവാക്യൻ പ്രതിരോധതാരമായ മിലൻ സ്‌ക്രിനിയർ പിഎസ്‌ജിയുമായി കരാറൊപ്പിട്ടിരുന്നു. ഈ സീസൺ അവസാനിക്കുമ്പോൾ ഫ്രീ ഏജന്റായി എത്താനുള്ള കരാറാണ് ഒപ്പിട്ടതെങ്കിലും ജനുവരിയിൽ തന്നെ താരത്തെ എത്തിക്കാനുള്ള ശ്രമം പിഎസ്‌ജി നടത്തുന്നുണ്ട്. അത് സാധ്യമാകുമെന്നാണ് മാഗ്വയർ അഭ്യൂഹങ്ങൾ വ്യക്തമാക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ട് ടീമിനായി ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ഹാരി മാഗ്വയർക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറിയാലും താരത്തിന് കഴിവ് തെളിയിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് മാഗ്വയർക്കും ആഗ്രഹമുണ്ട്.

Rate this post