മെസി-റൊണാൾഡോ യുഗം അവസാനിച്ചു, ഏറ്റവും മികച്ച താരത്തെ വെളിപ്പെടുത്തി വെയ്ൻ റൂണി

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബോൾ ലോകം അടക്കി ഭരിച്ചതു പോലെയൊരു കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. മറ്റൊരു താരങ്ങളെയും മുന്നിലേക്ക് കടന്നു വരാൻ സമ്മതിക്കാതെയാണ് ഇരുവരും ഒന്നര പതിറ്റാണ്ടിലധികം ഫുട്ബോൾ ലോകം അടക്കി ഭരിച്ചത്. പന്ത്രണ്ടു ബാലൺ ഡി ഓർ നേട്ടങ്ങളും ഈ രണ്ടു താരങ്ങളും സ്വന്തമാക്കി.

ലയണൽ മെസി ഇപ്പോൾ മികച്ച ഫോമിലാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദിയിലേക്ക് ചേക്കേറി. ഈ രണ്ടു താരങ്ങളുടെയും യുഗം അവസാനിച്ചുവെന്നും ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം മറ്റൊരാളാണെന്നുമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി പറയുന്നത്. ദി ടൈംസിനോട് സംസാരിക്കുമ്പോഴാണ് റൂണി ഇതേക്കുറിച്ച് പ്രതികരിച്ചത്.

“എർലിങ് ഹാലാൻഡാണ് നിലവിൽ ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരം. ലയണൽ മെസി മഹത്തായ താരമാണെങ്കിലും ഹാലൻഡിനേക്കാൾ മികച്ച പ്രകടനം ആരും നടത്തുന്നില്ല. ആ പൊസിഷനിൽ ഞാനും റെക്കോർഡുകൾ ഭേദിച്ചിട്ടുള്ളതാണ്. എന്നാൽ താരം എത്തിച്ചേർന്നിട്ടുള്ള ഉയരം എന്നെപ്പോലും ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതാണ്.” റൂണി പറഞ്ഞു.

ഹാലാൻഡിന്റെ ഗോളുകളുടെ എണ്ണം, താരം നടത്തുന്ന പ്രകടനം, മൈതാനത്ത് കാണിക്കുന്ന മനോഭാവം എന്നിവയെല്ലാമാണ് ലോകത്തിലെ മികച്ച താരമാക്കി മാറ്റുന്നതെന്നും റൂണി പറഞ്ഞു. റൊണാൾഡോയും മെസിയും ഫുട്ബോൾ ലോകത്തെ അടക്കി ഭരിച്ചിരുന്ന കാലം കഴിഞ്ഞുവെന്നും ഇനി ഹാലാൻഡ്‌ എംബാപ്പെ പോരാട്ടമാണ് നടക്കുകയെന്നും റൂണി കൂട്ടിച്ചേർത്തു.

മെസി-റൊണാൾഡോ പോരാട്ടം ഫുട്ബോൾ ലോകത്ത് ഏറെക്കുറെ അവസാനിച്ചെങ്കിലും ഹാലാൻഡാണ് നിലവിൽ ഏറ്റവും മികച്ച താരമെന്നത് മെസി ആരാധകർ അംഗീകരിച്ചു തരാൻ സാധ്യതയില്ല. ഹാലാൻഡ് ഗോളുകൾ അടിച്ചു കൂട്ടുമ്പോൾ ഒരു ടീമിന്റെ മുഴുവൻ പ്രകടനത്തെയും നിയന്ത്രിക്കാൻ കഴിവുള്ള ലയണൽ മെസിയാണ് ഈ സീസണിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായിരിക്കുന്നത്. എംബാപ്പായും ഹാലൻഡുമെല്ലാം മെസിക്ക് പിന്നിലാണ്.

2.7/5 - (3 votes)