കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.മെസ്സി തന്നെയായിരുന്നു പ്രധാനമായും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.എന്നാൽ ഇതിനുശേഷം അർജന്റീനയുടെ ഡ്രസ്സിങ് റൂമിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതായത് ലയണൽ മെസ്സി തന്റെ ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ അദ്ദേഹത്തിന്റെ കാൽ നിലത്ത് വീണുകിടക്കുന്ന മെക്സിക്കൻ ജേഴ്സിയിൽ തട്ടുകയായിരുന്നു. എന്നാൽ മെസ്സി ജേഴ്സി മനപ്പൂർവ്വം ചവിട്ടി എന്നുള്ള രൂപത്തിലായിരുന്നു വിവാദങ്ങൾ ഉടലെടുത്തിരുന്നത്. മെക്സിക്കൻ ബോക്സറായ കനേലോ ആൽവരസ് മെസ്സിയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വിവാദത്തിൽ മെസ്സിക്ക് തന്നെ പിന്തുണയുമായി ജേഴ്സി കൈമാറിയ മെക്സിക്കൻ താരം ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ആൻഡ്രസ് ഗ്വർഡാഡോയായിരുന്നു മെസ്സിക്ക് ജേഴ്സി നൽകിയിരുന്നത്. വിയർപ്പുള്ളതിനാൽ സ്വന്തം ജേഴ്സിയായാലും എതിരാളികളുടെ ജേഴ്സിയായാലും നിലത്ത് തന്നെയാണ് ഉണ്ടാവുക എന്നാണ് ഗ്വർഡാഡോ പറഞ്ഞിട്ടുള്ളത്.
‘ ലയണൽ മെസ്സി ഏത് രൂപത്തിലുള്ള ഒരു വ്യക്തിയാണ് എന്നുള്ളത് എനിക്കറിയാം.ജേഴ്‌സികൾ എപ്പോഴും വിയർപ്പുള്ളതായിരിക്കും.അത് സ്റ്റാഫുകൾ ആണ് കൈകാര്യം ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ സ്വന്തം ജേഴ്സി ആണെങ്കിലും എതിരാളികളുടെ ജേഴ്സിയാണെങ്കിലും അത് നിലത്തു തന്നെയാണ് ഉണ്ടാവുക.ഡ്രസിങ് റൂം എന്താണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ് കനേലോ സംസാരിച്ചിട്ടുള്ളത്.ഇതൊക്കെ വളരെ സില്ലി ആയിട്ടുള്ള കാര്യങ്ങൾ മാത്രമാണ്.ആ ജേഴ്സി എന്റേതാണ്. ഞാനാണ് ലയണൽ മെസ്സിക്ക് ജേഴ്സി കൈമാറിയിട്ടുള്ളത് ‘ ഇതാണ് ഗ്വർഡാഡോ പറഞ്ഞിട്ടുള്ളത്.
Andrés Guardado of Mexico: "I know the person Messi is. It's a deal with the staff that when it's all sweaty, it gets left on the floor. Be it your jersey or rival. Canelo doesn't know what a dressing room is. It seems silly to me. That shirt was mine, I exchanged it with Leo…" pic.twitter.com/j5QE9MA3lO
— Roy Nemer (@RoyNemer) November 29, 2022
യഥാർത്ഥത്തിൽ അനാവശ്യമായ ഒരു വിവാദമാണ് ഫുട്ബോൾ ലോകത്ത് ഉടലെടുത്തിരുന്നത്. ജേഴ്സി കൈമാറിയ താരം തന്നെ ലയണൽ മെസ്സിക്ക് പിന്തുണ അർപ്പിച്ചു കൊണ്ടുവന്നതോടെ ഈ വിവാദത്തിന് അന്ത്യമാവുകയാണ്.അടുത്ത മത്സരത്തിൽ അർജന്റീന പോളണ്ടിനെയാണ് നേരിടുക. മെക്സിക്കോയുടെ എതിരാളികൾ സൗദി അറേബ്യയാണ്.