കരാർ പുതുക്കാൻ പിഎസ്‌ജി ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം, പറ്റില്ലെന്ന് ലയണൽ മെസി|Lionel Messi

ലയണൽ മെസിയുടെ ഭാവി എന്താകുമെന്നുള്ള ചർച്ചകളാണ് ഫുട്ബോൾ ലോകത്ത് ശക്തമായി ഉയർന്നു കൊണ്ടിരിക്കുന്നത്. നിരവധി അഭ്യൂഹങ്ങൾ താരവുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നുണ്ട്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ തയ്യാറല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലയണൽ മെസിക്ക് പുതിയ കരാർ പിഎസ്‌ജി നൽകിയെന്നും എന്നാൽ അതിലെ ഏറ്റവും സുപ്രധാനമായ വ്യവസ്ഥ ലയണൽ മെസി അംഗീകരിക്കാൻ തയ്യാറായില്ലെന്നുമാണ് ഏറ്റവും പുതിയ വാർത്തകൾ. ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം മെസിയുടെ പ്രതിഫലത്തിന്റെ ഇരുപത്തിയഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാൻ പിഎസ്‌ജി ആവശ്യപ്പെട്ടതാണ് താരം അംഗീകരിക്കാതിരുന്നത്.

നിലവിൽ ആഴ്‌ചയിൽ എട്ടു ലക്ഷത്തോളം യൂറോയാണ് മെസി പ്രതിഫലമായി വാങ്ങുന്നത്. അത് വെട്ടിക്കുറച്ച് ആറു ലക്ഷത്തോളം യൂറോയാക്കി മാറ്റാനാണ് പിഎസ്‌ജി ആവശ്യപ്പെട്ടത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പിന്നാലെ പിഎസ്‌ജി ആരാധകർ തനിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിൽ ലയണൽ മെസി ഇതിനു വിമുഖത കാണിച്ചു.

വമ്പൻ താരങ്ങളെ അനാവശ്യമായി വാങ്ങിക്കൂട്ടി അത് കൃത്യമായി മാനേജ് ചെയ്യാൻ കഴിയാതിരുന്നതിനാൽ പിഎസ്‌ജിയുടെ വേതനബിൽ വളരെ കൂടുതലാണ്. എംബാപ്പയുമായുള്ള കരാർ വമ്പൻ പ്രതിഫലം നൽകി പുതുക്കിയതും ഇതിനു കാരണമായിട്ടുണ്ട്. ഇതിനെ മറികടക്കാൻ കൂടി വേണ്ടിയാണ് പ്രതിഫലം കുറക്കാൻ മെസിയോട് ആവശ്യപ്പെട്ടത്.

അതേസമയം ബാഴ്‌സലോണ മെസിക്കായി ശ്രമം നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്ലബിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞാൽ പ്രതിഫലം ഗണ്യമായി കുറക്കാൻ ലയണൽ മെസി തയ്യാറാണ്. എന്നാൽ പിഎസ്‌ജിക്ക് വേണ്ടി അത്തരത്തിലൊരു വിട്ടുവീഴ്‌ചയും മെസി ചെയ്യില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Rate this post
Fc BarcelonaLionel MessiPsg