മെസ്സി എന്ന് തിരിച്ചെത്തും? പിഎസ്ജി പരിശീലകൻ പറയുന്നു!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിലായിരുന്നു ലയണൽ മെസ്സിക്ക് കാഫിന് പരിക്കേറ്റത്. തുടർന്ന് റെയിംസിനെതിരെയുള്ള മത്സരം മെസ്സിക്ക് നഷ്ടമായിരുന്നു. മാത്രമല്ല അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരവും മെസ്സിക്ക് നഷ്ടമാവുമെന്ന് ഉറപ്പാവുകയായിരുന്നു.

ലയണൽ മെസ്സി ഇതുവരെ പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല ബെൻഫികക്കെതിരെയുള്ള സ്‌ക്വാഡ് പിഎസ്ജി പ്രഖ്യാപിച്ചപ്പോൾ അതിൽ മെസ്സി ഇടം നേടിയിട്ടില്ല. പരിക്ക് പേടിക്കാനില്ലെങ്കിലും ഖത്തർ വേൾഡ് കപ്പ് മുന്നിൽ നിൽക്കാൻ റിസ്ക് എടുക്കാൻ മെസ്സി തയ്യാറല്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

ഏതായാലും മെസ്സിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സി അടുത്ത ഞായറാഴ്ച ലീഗ് വണ്ണിൽ നടക്കുന്ന ഒളിമ്പിക് മാർസെക്കെതിരെയുള്ള മത്സരത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ട് എന്നാണ് ഗാൾട്ടിയർ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്.

‘ ബെൻഫിക്കക്കെതിരെയുള്ള ആദ്യ മത്സരത്തിലാണ് മെസ്സിക്ക് കാഫിന് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്.ഈ വരുന്ന മത്സരം അദ്ദേഹം കളിക്കും എന്നായിരുന്നു ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.പക്ഷേ ദിവസങ്ങൾ കുറവായിരുന്നു. കേവലം ആറു ദിവസങ്ങൾ മാത്രമാണ് അതിനിടയിൽ ഉണ്ടായിരുന്നത്.അദ്ദേഹം പരിക്കിൽ നിന്നും ഒരുപാട് മുക്തി നേടിയിട്ടുണ്ട്.പക്ഷേ ഇപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ പുറത്തിരിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി.എങ്ങനെയാണ് അദ്ദേഹത്തിന്റെ പരിക്ക് പുരോഗമിക്കുന്നത് എന്നുള്ളത് ഞങ്ങൾ പരിശോധിക്കും. അടുത്ത മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഉണ്ടാവാൻ വളരെയധികം സാധ്യതയുണ്ട് ‘ പിഎസ്ജി കോച്ച് പറഞ്ഞു.

മികച്ച പ്രകടനമാണ് ഈ സീസണിൽ മെസ്സി കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന്റെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ മെസ്സി തിരിച്ചെത്തിയാൽ അത് ക്ലബ്ബിന് വലിയ ആശ്വാസമായിരിക്കും.

Rate this post