അർജന്റീന ഏഷ്യയിൽ കളിക്കുമെന്നുറപ്പ്, എതിരാളികൾ ആരൊക്കെയെന്നും ധാരണയായി

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന് സ്വന്തം രാജ്യത്തു നിന്നും വന്നതിനു സമാനമായ പിന്തുണയാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നെല്ലാം ലയണൽ മെസിക്കും സംഘത്തിനും അഭൂതപൂർവമായ പിന്തുണയാണ് ലോകകപ്പിനിടെ ലഭിച്ചത്. ലോകകപ്പിന് ശേഷം അർജന്റീന ടീം നിരവധി ഏഷ്യൻ രാജ്യങ്ങൾക്ക് തങ്ങളുടെ നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു.

അർജന്റീന ടീം നേരത്തെ തന്നെ തീരുമാനിച്ച ഒന്നായിരുന്നു ഏഷ്യൻ രാജ്യങ്ങളിൽ സൗഹൃദം കളിക്കുമെന്നത്. ഖത്തർ ലോകകപ്പിൽ ഏഷ്യൻ രാജ്യങ്ങൾ ടീമിന് നൽകിയ പിന്തുണ കണ്ടതോടെ ആ തീരുമാനം അവർ ഉറപ്പിക്കുകയും ചെയ്‌തു. അർജന്റീന ടീം വരുന്ന മാസം തന്നെ ഏഷ്യൻ രാജ്യങ്ങളിൽ മത്സരം കളിക്കാനെത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജൂൺ മാസത്തിൽ നടക്കുന്ന സൗഹൃദ മത്സരം ഏഷ്യയിൽ വെച്ച് ഏഷ്യൻ രാജ്യങ്ങളുമായി കളിക്കാനാണ് അർജന്റീന തീരുമാനിച്ചിരിക്കുന്നത്. അർജന്റീന ടീമിന് എതിരാളികൾ ആരാകുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അക്കാര്യത്തിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. ചൈന, ഇന്തോനേഷ്യ എന്നീ ടീമുകളുമായി അർജന്റീന ഫ്രണ്ട്ലി മാച്ച് കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പ് നേടിയതോടെ ലയണൽ മെസിക്കും അർജന്റീന ടീമിനും ഏഷ്യൻ രാജ്യങ്ങളിലുള്ള ആരാധകപിന്തുണ വളരെയധികം വർധിച്ചിട്ടുണ്ട്. അതേസമയം ചൈനയിലും ഇന്തോനേഷ്യയിലും അർജന്റീന മത്സരങ്ങൾ കളിക്കുന്നത് ലോകകപ്പിൽ ടീമിനെ അടിയുറച്ചു പിന്തുണച്ച ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന കാര്യമാണെന്നതിൽ സംശയമില്ല.

നിരവധി വർഷങ്ങളായി ഒരു മത്സരം പോലും തോൽക്കാതെ കുതിച്ചിരുന്ന അർജന്റീന ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ലോകകപ്പിന് ശേഷം നടന്ന രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ അർജന്റീനയുടെ ഇപ്പോഴത്തെ കരുത്ത് വെച്ച് വീണ്ടുമൊരു അപരാജിത കുതിപ്പിന് ടീമിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

3.4/5 - (7 votes)