ചാമ്പ്യൻസ് ലീഗിനേക്കാൾ പ്രധാനമാണ് പ്രീമിയർ ലീഗ്, കാരണം വെളിപ്പെടുത്തി പെപ് ഗ്വാർഡിയോള

യൂറോപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നാണ് ചാമ്പ്യൻസ് ലീഗെന്നതിൽ യാതൊരു സംശയവുമില്ല. ചാമ്പ്യൻസ് ലീഗ് വിജയം മറ്റുള്ള പുരസ്‌കാരങ്ങൾ നേടാനുള്ള സാധ്യതയും വര്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഫുട്ബോൾ ആരാധകർ കൂടുതൽ പരിഗണന നൽകുന്നതും ആവേശത്തോടെ കാത്തിരിക്കുന്നതും ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് വേണ്ടിയാണ്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് കിരീടത്തെക്കാൾ പ്രധാനമാണ് പ്രീമിയർ ലീഗ് നേടുകയെന്നത്. സെമി ഫൈനലിൽ ചാമ്പ്യൻസ് ലീഗ് രാജാക്കന്മാരായ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞതിനു ശേഷം സംസാരിക്കുമ്പോഴാണ് യൂറോപ്യൻ വിജയത്തേക്കാൾ പ്രീമിയർ ലീഗാണ് പ്രധാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

“നിർത്താതെ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്. ടെന്നീസ് താരങ്ങൾ പറയും വിംബിൾഡൺ വിജയത്തിനായി സെർവ് ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന്. ഞായറാഴ്‌ച മത്സരം ഞങ്ങളുടെ കൈകളിലാണുള്ളത്. പ്രീമിയർ ലീഗ് ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റാണ്, കാരണം അത് പതിനൊന്നു മാസത്തോളം നീണ്ടു നിൽക്കുന്നു. അത് സ്വന്തം മൈതാനത്ത് അവസാനിപ്പിക്കാൻ കഴിഞ്ഞാൽ ഭാഗ്യമായിരിക്കും.”

“അവസാനത്തേത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, കാരണം ഒരുപാട് വൈകാരികത അതിനുണ്ടായിരുന്നു. ഞങ്ങൾ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചാൽ അത് മാപ്പില്ലാത്ത കാര്യമായിരിക്കും. ഇനി മൂന്നു മത്സരങ്ങൾ ഞങ്ങൾക്ക് കിരീടം നേടാൻ ഉണ്ടെന്ന് അറിയാം. ഓരോ മത്സരങ്ങൾ വിജയിക്കുന്നത് അടുത്ത മത്സരത്തെ സഹായിക്കും.” പെപ് പറഞ്ഞു.

നിലവിൽ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനേക്കാൾ നാല് പോയിന്റ് മുന്നിലാണ് നിൽക്കുന്നത്. ആഴ്‌സണൽ ഒരു മത്സരം കൂടുതൽ കളിച്ചതിനാൽ അടുത്ത മത്സരത്തിൽ വിജയം നേടിയാൽ സിറ്റിക്ക് കിരീടംഉറപ്പിക്കാൻ കഴിയും. ചെൽസിക്കെതിരെ സ്വന്തം മൈതാനത്താണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം നടക്കുന്നത്.

4/5 - (1 vote)