ക്ലിയർ പെനാൽറ്റി നിഷേധിച്ചു; ബ്ലാസ്റ്റേഴ്‌സിനെ ജയിക്കാൻ അനുവദിക്കാതെ റഫറി |Kerala Blasters

ഐഎസ്എല്ലിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സിനെതിരെ റഫറിയുടെ തെറ്റായ തീരുമാനം. ഇന്നലെ നോർത്ത് ഈസ്റ്റുമായി നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ റഫറിയുടെ തെറ്റായ തീരുമാനമെത്തിയത്. ബ്ലാസ്റ്റേഴ്‌സിന് ലഭിക്കേണ്ട ഒരു ക്ലിയർ പെനാൽറ്റി നിഷേധിച്ച് കൊണ്ടാണ് റഫറിയുടെ മോശം തീരുമാനം.

ഇന്നലെത്തെ മത്സരത്തിന്റെ 25 മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഘാന താരം ക്വമി പെപ്ര നടത്തിയ ഒരു മുന്നേറ്റം നോർത്ത് ഈസ്റ്റ്‌ പ്രതിരോധതാരം യാസിർ ഹമീദ് തടഞ്ഞിരുന്നു. പെപ്രയുടെ ജേഴ്‌സി പിടിച്ച് വലിച്ചു കൊണ്ടാണ് യാസിർ ഈ നീക്കം തടഞ്ഞത്. ബോക്സിനുള്ളിൽ വെച്ച് യാസിർ നടത്തിയ ഈ ക്ലിയർ ഫൗൾ ഫിഫ നിയമം അനുസരിച്ച് പെനാൽറ്റിയ്ക്ക് വിധേയമാണ്.

മത്സരം നിയന്ത്രിച്ച ഇന്ത്യൻ റഫറി ഹരീഷ് കുണ്ടു പെനാൽറ്റി നൽകാതെ നോർത്ത് ഈസ്റ്റിനെ രക്ഷിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാൽ തന്നെ ഫൗൾ എന്ന് മനസിലാക്കാൻ സാധിക്കുന്ന ഈ നീക്കം മത്സരം നിയന്ത്രിച്ച റഫറിക്ക് അറിയാതെ പോകുകയും ബ്ലാസ്റ്റേഴ്‌സിന് അർഹിച്ച പെനാൽറ്റി ലഭിക്കാതെ വരികയും ചെയ്തു.ഒരു പക്ഷെ, ഈ പെനാൽറ്റി അനുവദിച്ചിരുന്നെങ്കിൽ മത്സരം പൂർണമായും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായേനെ.

അതെ സമയം ഇന്നലത്തെ മത്സരം 1-1 എന്ന സ്കോർലൈനിൽ പിരിയുകയായിരുന്നു. ആദ്യപകുതിയിൽ നെസ്റ്ററിലൂടെ ഗോൾ നേടിയ നോർത്ത് ഈസ്റ്റിന് രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകുകയായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച് നിന്നെങ്കിലും മോശം റഫറിയിങ്ങും ഗോൾ പോസ്റ്റും ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിൽ നിന്നും അകലെയാക്കി.