റിച്ചാർലിസണിനേക്കാൾ മികച്ച ഗോളാണ് അർജന്റീന നേടിയത്, ലോകകപ്പിലെ മികച്ച ഗോളതാണെന്ന് മാക് അലിസ്റ്റർ

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മിന്നുന്ന പ്രകടനം നടത്തിയ താരമായിരുന്നു അലക്‌സിസ് മാക് അലിസ്റ്റർ. ജിയോവാനി ലോ സെൽസോ പരിക്ക് കാരണം ലോകകപ്പിൽ നിന്നും പുറത്തു പോയതിനാൽ കൂടുതൽ അവസരം ലഭിച്ച താരം അത് മുതലെടുത്ത് അർജന്റീന ടീമിൽ സ്ഥിരസാന്നിധ്യമായി മാറി. മധ്യനിരയിൽ മികച്ച പ്രകടനം നടത്തി അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ പങ്കാളിയാകാനും താരത്തിന് കഴിഞ്ഞു.

ലോകകപ്പിൽ പോളണ്ടിനെതിരെ ഒരു ഗോൾ നേടിയ മാക് അലിസ്റ്റർ ഫൈനലിൽ ഫ്രാൻസിനെതിരെ ഒരു അസിസ്റ്റും സ്വന്തമാക്കി. ഫൈനലിൽ അർജന്റീന നേടിയ രണ്ടാമത്തെ ഗോളിന് അസിസ്റ്റ് നൽകിയത് താരമായിരുന്നു. അലിസ്റ്ററിൽ നിന്നും തുടങ്ങി അലിസ്റ്റർ തന്നെ അസിസ്റ്റ് നൽകിയ ആ ഗോളിനെക്കുറിച്ച് കഴിഞ്ഞ ദിവസം താരം സംസാരിക്കുകയുണ്ടായി.

ഖത്തർ ലോകകപ്പിൽ മികച്ച ഗോളിനുള്ള പുരസ്‌കാരം നേടിയത്ബ്രസീലിയൻ താരം റിച്ചാർലിസൺ ആയിരുന്നെങ്കിലും അതിനേക്കാൾ അർഹത ഈ ഗോളിനാണെന്നാണ് അലിസ്റ്റർ പറയുന്നത്. “ഫ്രാൻസിനെതിരെ നേടിയ രണ്ടാമത്തെ ഗോൾ ടൂർണമെന്റിലെ തന്നെ ഏറ്റവും മനോഹരമായ ഒന്നായിരുന്നു. റിച്ചാർലിസൺ നേടിയ ഗോളിനെക്കാൾ പരിഗണന അതർഹിക്കുന്നു.” അലിസ്റ്റർ പറഞ്ഞു.

മികച്ചൊരു പ്രത്യാക്രമണത്തിൽ നിന്നുമാണ് ആ ഗോൾ അർജന്റീന നേടിയത്. അലിസ്റ്ററിൽ നിന്നും തുടങ്ങി ലയണൽ മെസിയുടെ ഒരു മനോഹര ടച്ചിനു ശേഷം അൽവാരസിൽ എത്തിയ പന്ത് പിന്നീട് അലിസ്റ്റർക്ക് തന്നെ തിരിച്ചു കിട്ടി. താരം നൽകിയ പാസിൽ നിന്നും മനോഹരമായ ഫിനിഷിംഗിലൂടെ ഡി മരിയ ടൂർണമെന്റിലെ തന്റെ ആദ്യത്തെ ഗോൾ നേടി.

ഖത്തർ ലോകകപ്പിന് ശേഷം അലിസ്റ്റാർക്കായി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നെങ്കിലും താരം ബ്രൈറ്റണിൽ തന്നെ തുടരുകയാണ് ചെയ്‌തത്‌. എന്നാൽ വരുന്ന സമ്മറിൽ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളിൽ പലർക്കും താരത്തിൽ താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Rate this post
Argentina