ടീച്ചറെന്നോട് പറഞ്ഞു,ഒന്നുകിൽ സ്കൂൾ അല്ലെങ്കിൽ ഫുട്ബോൾ,ഞാൻ സ്‌കൂൾ ഉപേക്ഷിച്ചു : അർജന്റൈൻ താരം പറയുന്നു

കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പ് കിരീടം അർജന്റീന ഉയർത്തുമ്പോൾ അതിന് പിന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു താരമാണ് ഡിഫന്ററായ ക്രിസ്റ്റ്യൻ റൊമേറോ. സൗദി അറേബ്യക്ക് എതിരെയുള്ള ആദ്യ മത്സരത്തിൽ ഒരല്പം നിറം മങ്ങിയെങ്കിലും പിന്നീട് അതിശക്തമായ തിരിച്ചുവരവാണ് റൊമേറോ നടത്തിയിട്ടുള്ളത്. ഒടുവിൽ അർജന്റീനയുടെ കുതിപ്പ് കിരീടത്തിലാണ് അവസാനിച്ചത്.

അറ്റലാന്റക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം നേടിയതോടുകൂടിയാണ് ഏവരും റൊമേറോയെ ശ്രദ്ധിക്കുന്നത്. അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിച്ചു തുടങ്ങിയതു മുതൽ വളരെ കുറഞ്ഞ ഗോളുകൾ മാത്രമായിരുന്നു അർജന്റീന വഴങ്ങിയിരുന്നത്. കോപ്പ അമേരിക്ക കിരീടം അർജന്റീന നേടുമ്പോഴും വലിയ രൂപത്തിലുള്ള ഒരു റോൾ വഹിക്കാൻ ഈ ഡിഫൻഡർക്ക് കഴിഞ്ഞിട്ടുണ്ട്.

ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം റൊമേറോ ഷെയർ ചെയ്തിട്ടുണ്ട്. അതായത് സ്‌കൂൾ അല്ലെങ്കിൽ ഫുട്ബോൾ എന്നിവയിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം തനിക്കുണ്ടായിരുന്നുവെന്നും തുടർന്ന് സ്കൂൾ താൻ ഉപേക്ഷിച്ചു എന്നുമാണ് റൊമേറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ അനുഭവം വിവരിക്കുന്നത് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ രൂപത്തിലാണ്.

‘ ഞാൻ ഹൈസ്കൂളിൽ ആയിരുന്ന സമയത്ത് ഒരുപാട് ആബ്സെന്റ് ആയിരുന്നു. അങ്ങനെ ഒരിക്കൽ ഹെഡ് ടീച്ചർ എന്നോട് പറഞ്ഞു.ഒന്നെങ്കിൽ സ്കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,അല്ലെങ്കിൽ ഫുട്ബോൾ കളിക്കുക.ഈ ആഴ്ച തന്നെ ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കണമെന്ന് അവർ എന്നോട് പറഞ്ഞു.ഞാനിപ്പോൾ അവരോട് പറഞ്ഞു.കുഴപ്പമില്ല,ഞാൻ സ്കൂൾ ഉപേക്ഷിക്കുകയാണ്, ഞാൻ ഫുട്ബോൾ കളിക്കാൻ പോവുകയാണ് ‘ റൊമേറോ വെളിപ്പെടുത്തി.

ഫുട്ബോൾ ഉപേക്ഷിക്കാൻ ഒരു സമയത്ത് താൻ ആലോചിച്ചിരുന്നു എന്നുള്ളത് നേരത്തെ തന്നെ റൊമേറോ വ്യക്തമാക്കിയിരുന്നു.തനിക്ക് കളിക്കാൻ അവസരം ലഭിക്കാത്ത സമയത്തായിരുന്നു അത്.പക്ഷേ പ്ലേ ടൈം ലഭിച്ചപ്പോൾ കൃത്യമായി മുതലെടുത്തുകൊണ്ട് മുന്നോട്ട് കയറി വരാൻ ഈ അർജന്റീന താരത്തിന് പിന്നീട് സാധിക്കുകയായിരുന്നു.

Rate this post