അർജന്റൈൻ ജേഴ്‌സിയിൽ അരങ്ങേറ്റം കാത്ത് മൂന്ന് താരങ്ങൾ,ഇത്തവണ അത് സംഭവിക്കുമോ?

രണ്ട് മത്സരങ്ങളാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ ലയണൽ സ്‌കലോണിയുടെ അർജന്റീന കളിക്കുക. ആദ്യ മത്സരത്തിൽ ഹോണ്ടുറാസാണ് അർജന്റീനയുടെ എതിരാളികൾ.പിന്നീട് ജമൈക്കയെ നേരിടും.ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിക്കുകയും ആ സ്‌ക്വാഡ് ഇപ്പോൾ പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സ്‌ക്വാഡിൽ ഇതുവരെ അർജന്റീനയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറാൻ കഴിയാത്ത മൂന്നു താരങ്ങളുണ്ട്. അവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്. കാരണം വരുന്ന ഖത്തർ വേൾഡ് കപ്പിന് മുന്നേ ഇവർക്ക് കഴിവ് തെളിയിക്കാൻ ലഭിക്കുന്ന ഏക അവസരമാണിത്.

ആദ്യത്തെ താരം മിഡ്ഫീൽഡർ ആയ എൻസോ ഫെർണാണ്ടസാണ്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികക്ക് വേണ്ടിയാണ് എൻസോ കളിക്കുന്നത്.പോർച്ചുഗീസ് ലീഗിലെ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർക്കുള്ള പുരസ്കാരം എൻസോ സ്വന്തമാക്കിയിരുന്നു. തീർച്ചയായും അർജന്റീനക്ക് ലഭിച്ച ഒരു ഭാവി വാഗ്ദാനം തന്നെയാണ് ഇദ്ദേഹം. പക്ഷേ മാക്ക് ആല്ലിസ്റ്റർ,പലാസിയോസ് എന്നിവരോട് താരം തന്റെ സ്ഥാനത്തിന് വേണ്ടി പോരാടണം.

രണ്ടാമത്തെ താരം നെഹുവേൻ പെരസാണ്. 2019 നവംബറിൽ അർജന്റീനയുടെ സീനിയർ ടീമിലേക്കുള്ള വിളി ലഭിച്ചിട്ടുള്ള താരമാണ് പെരസ്. എന്നാൽ ഈ ഡിഫൻഡർക്ക് ഇതുവരെ അരങ്ങേറാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ ഉഡിനസിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തതോടുകൂടിയാണ് അർജന്റീനയുടെ പരിശീലകൻ ഒരിക്കൽ കൂടി താരത്തെ പരിഗണിച്ചിട്ടുള്ളത്.

മറ്റൊരു താരം തിയാഗോ അൽമേഡയാണ്.അമേരിക്കൻ ക്ലബ്ബായ അറ്റ്ലാൻഡക്ക് വേണ്ടിയാണ് ഇപ്പോൾ തിയാഗോ കളിക്കുന്നത്. മികച്ച പ്രകടനം തന്നെയാണ് താരവും ഇപ്പോൾ MLS ൽ നടത്തുന്നത്. പക്ഷേ പെരസ്,അൽമേഡ എന്നിവർക്ക് വേൾഡ് കപ്പിനുള്ള ടീമിൽ ഇടം നേടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. ഏതായാലും ഈ സൗഹൃദം മത്സരങ്ങളിൽ ഈ മൂന്ന് താരങ്ങൾക്കും അരങ്ങേറാനുള്ള അവസരം പരിശീലകൻ നൽകുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്.

Rate this post