ആരും ശ്രദ്ധിക്കാതെ പോയ വലിയ മനസ്, അർജന്റീന താരത്തിന് കയ്യടിച്ച് ഫുട്ബോൾ ലോകം

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച പെനാൽറ്റി കിക്ക് എടുത്തത് ടീമിന്റെ റൈറ്റ് ബാക്കായ ഗോൺസാലോ മൊണ്ടിയൽ ആയിരുന്നു. പെർഫെക്റ്റ് പെനാൽറ്റി ടേക്കർമാരിൽ ഒരാളായ താരം വളരെ കൃത്യതയോടെ തന്നെ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അർജന്റീന ടീമിന് മുപ്പത്തിയാറു വർഷത്തിന് ശേഷം ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകി.

കഴിഞ്ഞ ദിവസം അർജന്റീന ലോകകപ്പിന് ശേഷം ആദ്യത്തെ മത്സരം കളിച്ചിരുന്നു. അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിന്റെ മൈതാനമായ എൽ മോന്യൂമെന്റാലിൽ ആയിരുന്നു മത്സരം. റിവർപ്ലേറ്റിന്റെ മുൻതാരമാണ് ഗോൺസാലോ മോണ്ടിയാൽ. ഈ മത്സരത്തിനു വേണ്ടി ഗോൺസാലോ മോണ്ടിയാൽ ചെയ്‌ത കാര്യമാണ് ഇപ്പോൾ ആരാധകരുടെ കയ്യടി നേടുന്നത്.

മത്സരത്തിനായി റിവർപ്ലേറ്റിന്റെ മൈതാനത്തെത്തിയ എൺപത്തിനായിരത്തോളം കാണികളിൽ അറുപതു പേർ റിവർപ്ലേറ്റിന്റെ അക്കാദമിയിൽ ഉള്ള കുട്ടികളായിരുന്നു. മത്സരത്തിനുള്ള ഇവരുടെ ടിക്കറ്റിന്റെ പണം മുഴുവൻ മൊണ്ടിയാൽ സ്വന്തം കയ്യിൽ നിന്നാണ് നൽകിയതെന്നാണ് അർജന്റീനിയൻ ജേര്ണലിസ്റ്റായ യുവാൻ പാട്രിസിയോ ബാൽബി വെളിപ്പെടുത്തുന്നത്.

റിവർപ്ലേറ്റിന്റെ അക്കാദമിയിലെ താമസസ്ഥലത്ത് കഴിയുന്ന കുട്ടികൾക്കു വേണ്ടിയാണ് മോണ്ടിയാൽ ഇത്രയും തുക തന്റെ കയ്യിൽ നിന്നും മുടക്കിയത്. അതേ അക്കാദമിയിലൂടെ വളർന്നു വന്ന് അർജന്റീനക്ക് ലോകകപ്പ് കിരീടം നേടിക്കൊടുക്കാൻ നിർണായക പാക് വഹിച്ച താരത്തിന് ആ കുട്ടികളുടെ വികാരം മനസിലാകുമെന്നാണ് ആരാധകർ പറയുന്നത്.

റിവർപ്ലേറ്റിന്റെ അക്കാദമിയിലൂടെ വന്ന് സീനിയർ ടീമിലും കളിച്ചിട്ടുള്ള മോണ്ടിയാൽ 2021ലാണ് സെവിയ്യയിലേക്ക് ചേക്കേറുന്നത്. റിവർപ്ലേറ്റിനൊപ്പം അർജന്റീനിയൻ ലീഗും കോപ്പ ലിബർട്ടഡോസും നേടിയ താരത്തിനു സെവിയ്യക്കൊപ്പം കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അർജന്റീനയുടെ മൂന്നു കിരീടനേട്ടങ്ങളിലും താരം ഉണ്ടായിരുന്നു.

3/5 - (2 votes)
Argentina