മെസിയടക്കമുള്ള താരങ്ങളുടെ ആത്മാർത്ഥതയിൽ സംശയമില്ല, എംബാപ്പെയെ ഒന്നും സമ്മതിപ്പിക്കേണ്ട കാര്യമില്ലെന്നും ഗാൾട്ടിയർ

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസും സമാനമായ സാഹചര്യത്തിൽ തന്നെയാണ് നിൽക്കുന്നത്. ബയേൺ മ്യൂണിക്കിനോട് തോൽവി വഴങ്ങി പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ മെസി, റാമോസ്, നെയ്‌മർ തുടങ്ങിയ താരങ്ങൾ ക്ലബിൽ നിന്നും പുറത്തു പോകുമെന്ന റിപ്പോർട്ടുകളുമുണ്ട്.

ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതിന് പിന്നാലെ മെസിയും റാമോസും യൂറോപ്യൻ ഫുട്ബോളിൽ നിന്നു തന്നെ വിട പറയുമെന്നാണ് റിപ്പോർട്ടുകളുള്ളത്. എന്നാൽ ഇവർ യൂറോപ്പ് വിടാനുള്ള സാധ്യത കുറവാണെന്നും ഇതുപോലെയുള്ള സാഹചര്യങ്ങൾ നേരിട്ട് ഈ താരങ്ങൾക്ക് പരിചയമുണ്ടെന്നും കരാർ സംബന്ധമായ കാര്യങ്ങളെ അവർ കൃത്യമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

“അവിശ്വസനീയ ട്രാക്ക് റെക്കോർഡുകളുള്ള ഈ രണ്ട് കളിക്കാരെക്കുറിച്ച് യാതൊരു സംശയവുമില്ല, അവർക്ക് ഈ സാഹചര്യത്തെക്കുറിച്ച് അറിവുണ്ടാകും. അവർ വളരെ ഉയർന്ന തലത്തിലുള്ള കളിക്കാരാണ്, അവർ ഒരു ഗെയിമിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ പോകുന്നു. അവരുടെ കരാർ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്, ഇത്തരത്തിലുള്ള അവസ്ഥ നേരിടുന്നത് പതിവാണ്.”

പിഎസ്‌ജിയിൽ തുടരാൻ എംബാപ്പയെ സമ്മതിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കളിക്കുന്ന സമയത്തെല്ലാം തന്റെ ഏറ്റവും മികച്ച പ്രകടനം ക്ലബിനായി നടത്താൻ എംബാപ്പെ ശ്രമിക്കാറുണ്ടെന്നും ഈ ക്ലബിൽ തന്നെ വിജയങ്ങൾ നേടാനും ക്ലബ്ബിനെ ഉയരങ്ങളിൽ എത്തിക്കാനുമാണ് താരം ആഗ്രഹിക്കുന്നതെന്നും പിഎസ്‌ജി പരിശീലകൻ അഭിപ്രായപ്പെട്ടു.

പിഎസ്‌ജി ലീഗ് വിജയം നേടുന്നതിനെ കുറിച്ചും ഗാൾട്ടിയാർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. പുറമേക്ക് കാണുന്നതു പോലെ ഫ്രഞ്ച് ലീഗ് വിജയം നേടുന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്നും അതുകൊണ്ടു തന്നെ ഇത്തവണ കിരീടം നേടിയാൽ വലിയ ആഘോഷങ്ങൾ നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Rate this post