“അവനെ തടുക്കാൻ കൂടുതൽ പ്രയാസമാണ്”- മെസി, റൊണാൾഡോ തർക്കത്തിൽ തിയാഗോ സിൽവയുടെ മറുപടി

ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളിൽ രണ്ടു പേരാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പരസ്‌പരം മത്സരിച്ച് ഇരുവരും ലോകഫുട്ബോളിൽ ഉയരങ്ങൾ കീഴടക്കുകയുണ്ടായി. നിരവധി റെക്കോർഡുകൾ ഇരുവർക്കും മുന്നിൽ കടപുഴകി വീണു. ഇവരിൽ ആരാണ് മികച്ച താരമെന്ന തർക്കം ഇപ്പോഴും ആരാധകർക്കിടയിൽ തുടരുകയാണ്. ഫുട്ബോൾ താരങ്ങൾക്കും ഫുട്ബോൾ നിരീക്ഷകർക്കും പരിശീലകർക്കും മറ്റു കായികതാരങ്ങൾക്കുമെല്ലാം ഇത് സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വരാറുണ്ട്.

ചെൽസിയുടെ ബ്രസീലിയൻ പ്രതിരോധതാരമായ തിയാഗോ സിൽവക്കും മെസി, റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചതെന്ന ചോദ്യം നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ അഭിപ്രായത്തിൽ തടുക്കാൻ കൂടുതൽ പ്രയാസമുള്ള ലയണൽ മെസിയാണ്. രണ്ടു കളിക്കാർക്കും അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിലും അർജന്റീനിയൻ താരമാണ് പോർച്ചുഗീസ് താരത്തെക്കാൾ മികച്ചതെന്നാണ് നിരവധി തവണ രണ്ടു താരങ്ങളെയും നേരിട്ടുള്ള തിയാഗോ സിൽവ പറയുന്നത്.

“ചെറിയൊരു വ്യത്യാസമെന്തെന്നു വെച്ചാൽ മെസി, പന്തുമായി വൺ-ഓൺ-വൺ സാഹചര്യത്തിലാണെങ്കിലും ടു-ഓൺ-വൺ സാഹചര്യത്തിലാണെങ്കിലും തടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. റൊണാൾഡോയാണെങ്കിൽ അതെളുപ്പമാണെന്നല്ല ഞാൻ പറയുന്നത്. എന്നാൽ റൊണാൾഡോയെ ഒരാൾക്ക് മാർക്ക് ചെയ്യുകയും മറ്റൊരാൾക്ക് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്യാം. അത് പിൻനിരയിൽ കൂടുതൽ സുരക്ഷിതത്വം നൽകുന്നു.”

“എന്തായാലും മെസിയും റൊണാൾഡോയും അവിശ്വസനീയവും അസാധാരണവുമായ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള താരങ്ങളാണ്. നെയ്‌മറെപ്പോലെ തന്നെ. ഞാൻ വിശ്വസിക്കുന്നത് റൊണാൾഡൊക്കെതിരെ പ്രതിരോധിക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് മെസിക്കെതിരെ പ്രതിരോധിക്കാനാണ് എന്നു തന്നെയാണ്.” തിയാഗോ സിൽവ ഇഎസ്‌പിഎന്നിനോട് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന താരത്തിൽ നിന്നുമാണ് ഈ വാക്കുകൾ വന്നിരിക്കുന്നത്.

ഈ സീസണിൽ റൊണാൾഡോ തന്റെ ഫോം കണ്ടെത്താൻ പതറുമ്പോൾ കഴിഞ്ഞ സീസണിൽ തന്റെ പ്രതിഭ മുഴുവൻ പുറത്തെടുക്കാൻ കഴിയാതിരുന്ന ലയണൽ മെസി ഇത്തവണ മികച്ച പ്രകടനമാണ് നടത്തുന്നത്. പിഎസ്‌ജി ടീമിനൊപ്പം ഇണങ്ങിച്ചേർന്ന മെസി തന്നെയാണ് ഇപ്പോൾ ടീമിന്റെ കളിയെ പ്രധാനമായും നിയന്ത്രിക്കുന്നത്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും ലയണൽ മെസി സ്വന്തമാക്കിയിരുന്നു.

Rate this post