
എൻസോയുടെ പിഴവിനെ കളിയാക്കിയ ബ്രസീലിയൻ മാധ്യമത്തിന് തിയാഗോ സിൽവയുടെ മറുപടി
ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തിരുത്തിയ തുകക്ക് ബെൻഫിക്കയിൽ നിന്നും ചെൽസി സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ് മികച്ച പ്രകടനമാണ് ക്ലബിനായി നടത്തുന്നത്. ചെൽസിക്കായി ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും താരം തന്റെ മികവ് കാണിച്ചിരുന്നു. എന്നാൽ മത്സരത്തിൽ ഉണ്ടായ പിഴവിന്റെ പേരിൽ താരമിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കളിയാക്കലുകൾ ഏറ്റു വാങ്ങുകയാണ്.
ചെൽസിയും ഡോർട്മുണ്ടും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് ജർമൻ ക്ലബാണ് വിജയിച്ചത്. മത്സരത്തിൽ ഗോൾ നേടിയത് ജർമൻ യുവതാരം കരിം അദേയാമി ആയിരുന്നു. ചെൽസിയുടെ കോർണർ ക്ലിയർ ചെയ്‌തതിനു ശേഷം ആരംഭിച്ച പ്രത്യാക്രമണത്തിൽ അദേയാമിക്ക് പന്ത് ലഭിക്കുമ്പോൾ എൻസോ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. അർജന്റീന താരത്തെ അനായാസം ഡ്രിബിൾ ചെയ്‌ത് മുന്നേറിയാണ് അദേയാമി ഗോൾ നേടിയത്.

120 മില്യൺ യൂറോ നൽകിയാണ് എൻസോയെ ചെൽസി സ്വന്തമാക്കിയത് എന്നതിനാൽ തന്നെ എൻസോയുടെ പിഴവ് മാധ്യമങ്ങൾ ആഘോഷിച്ചു. ബ്രസീൽ മാധ്യമമായ ടിഎൻടി സ്പോർട്ടും എൻസോയെ കളിയാക്കിയിരുന്നു. അദേയാമിയുടെ ഒപ്പമെത്താൻ എൻസോക്ക് യൂബർ വേണ്ടി വരുമെന്നും ഇപ്പോഴും ജർമൻ താരം എവിടെ പോയെന്ന് എൻസോ തിരയുകയാണെന്നും അവർ ട്വീറ്റ് ചെയ്‌തു.
എന്നാൽ ബ്രസീലിയൻ മാധ്യമത്തിന്റെ കളിയാക്കലിനെതിരെ ബ്രസീൽ പ്രതിരോധതാരം തിയാഗോ സിൽവ ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. മറ്റുള്ളവരെ അവമതിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ടിഎൻടി സ്പോർട്ട് നടത്തിയതെന്നും സ്വന്തം ജോലിയിൽ കൂടുതൽ ഗൗരവം കാണിക്കണമെന്നുമാണ് തന്റെ ചെൽസി സഹതാരത്തിനു പിന്തുണ നൽകി എൻസോ കുറിച്ചത്.
Thiago Silva didn't make that slide as he back his fellow teammates : Enzo Fernández . pic.twitter.com/ogKnZCSz8s
— FOOTY HUB (@Footyhub01) February 16, 2023
ക്ലബ് തലത്തിൽ ഒരുമിച്ച് കളിക്കുന്ന എൻസോക്ക് സിൽവ നൽകിയ പിന്തുണ ആരാധകർ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. ചെൽസിയിലെ മുതിർന്ന താരമെന്ന നിലയിൽ യുവതാരങ്ങൾക്ക് ആത്മവിശ്വാസം പോകാതിരിക്കാൻ സിൽവയുടെ ഇടപെടൽ സഹായിക്കുമെന്ന് ആരാധകർ പറയുന്നു. താരത്തിന് ക്ലബ് പുതിയ കരാർ നൽകുന്നതും യുവതാരങ്ങൾക്ക് നൽകുന്ന പിന്തുണ കൊണ്ടു തന്നെയാണ്.