ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് രണ്ടു ടീമുകൾ എതിരാളികളായി വരരുതെന്നാണ് ആഗ്രഹമെന്ന് ക്വാർട്ടുവ

സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സലോണയ്ക്ക് പിന്നിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ആധികാരികമായ പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നത്. പ്രീ ക്വാർട്ടറിൽ ലിവർപൂളിനെ രണ്ടു പാദങ്ങളിലും നിഷ്പ്രഭമാക്കിയത് ഈ സീസണിലും കിരീടം നേടാൻ തങ്ങൾക്ക് കരുത്തുണ്ടെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ്. ഇത്തവണ കിരീടമുയർത്തിയാൽ പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് റയലിന് സ്വന്തമാകും.

അതേസമയം കിരീടത്തിലേക്കുള്ള വഴിയിൽ റയൽ മാഡ്രിഡ് രണ്ടു ടീമുകളെ ഒഴിവാക്കണമെന്നാണ് ഗോൾകീപ്പറായ ക്വാർട്ടുവ പറയുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരെ ഒഴിവാക്കണമെന്നാണ് താരം പറയുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഈ രണ്ടു ടീമുകളെയും റയൽ മാഡ്രിഡ് നേരിട്ടതാണ് അതിനു കാരണമായി ബെൽജിയൻ താരം പറയുന്നത്.

“ഞാനൊരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണിൽ ഞങ്ങൾ ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ നേരിട്ടിരുന്നു. ഈ സീസണിൽ മറ്റേതെങ്കിലും ടീമുകളെ നേരിടാൻ കഴിയുമോയെന്നാണ് നോക്കുന്നത്.” മുൻ ചെൽസി താരം കൂടിയായ ക്വാർട്ടുവ പറഞ്ഞു. ഈ ടീമുകൾക്ക് പുറമെ ഇന്റർ മിലാൻ, എസി മിലാൻ, നാപ്പോളി, ബയേൺ മ്യൂണിക്ക്, ബെൻഫിക്ക തുടങ്ങിയ ക്ലബുകളാണ് ചാമ്പ്യൻസ് ലീഗിൽ ബാക്കിയുള്ളത്.

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ എർലിങ് ഹാലാൻഡിന്റെ പ്രകടനത്തെയും ക്വാർട്ടുവ പ്രശംസിച്ചു. ലോകഫുട്ബോളിലെ വമ്പൻ താരങ്ങളിൽ ഒരാളാണ് ഹാലണ്ടെന്നാണ് ബെൽജിയൻ താരം പറയുന്നത്. അതിനു പുറമെ കഴിഞ്ഞ സീസണിൽ വമ്പൻ തിരിച്ചു വരവുകളുമായി റയൽ മാഡ്രിഡ് കിരീടം നേടിയത് ഈ സീസണിലും ആവർത്തിക്കാൻ കഴിയുമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ മൂന്ന് ഇംഗ്ലീഷ് ടീമുകളെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് നേടിയത്. പ്രീ ക്വാർട്ടറിൽ പിഎസ്‌ജിക്കെതിരെ വിജയിച്ചതിനു ശേഷം പിന്നീട് ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ഇംഗ്ലീഷ് ടീമുകളെയാണ് റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനൽ മുതൽ കീഴടക്കിയത്. ഈ സീസണിലും റയൽ അതാവർത്തിച്ചാൽ അത്ഭുതപ്പെടാനില്ല.